ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികളിൽ മറുപടി ഫയൽ ചെയ്യുന്നത് വൈകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു.
ഹർജികൾ ഹോളി അവധിക്ക് ശേഷം പരിഗണിക്കണമെന്ന ഹർജിക്കാരായ ലീഗിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്രം മറുപടി ഫയൽ ചെയ്യാത്തത് ലീഗിന്റെ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്താണ് മറുപടി വൈകുന്നതെന്ന് അറ്റോർണി ജനറലിനോട് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ ചോദിച്ചു. മറുപടി തയ്യാറാക്കുന്നത് അന്തിമഘട്ടത്തിൽ ആണെന്നും രണ്ട് ദിവസത്തിനകം ഫയൽ ചെയ്യുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.
ജനുവരി 22ന് ഹർജി പരിഗണിച്ചപ്പോൾ നിയമം സംബന്ധിച്ച വിശദീകരണം നൽകാൻ കേന്ദ്രത്തിന് നാല് ആഴ്ചയാണ് അനുവദിച്ചത്. അഞ്ചാമത്തെ ആഴ്ചയിലെ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒന്നിൽ കേസ് പരിഗണിക്കാം എന്നും പറഞ്ഞു. ഇത് പ്രകാരം കഴിഞ്ഞ മാസം 27ന് എങ്കിലും കേസ് പരിഗണിക്കണമായിരുന്നു. ഇത് ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടത്.
ഹർജികൾ ശബരിമല കേസിന്റെ ഇടവേളയിൽ കേൾക്കണമോ എന്ന് ഹോളി അവധിക്ക് ശേഷം തീരുമാനിക്കാം എന്ന് കോടതി വ്യക്തമാക്കി. കേസിൽ ഇടക്കാല ഉത്തരവ് ലഭിക്കാൻ ശബരിമല കേസിന്റെ ഇടവേളയിൽ രണ്ട് മണിക്കൂർ വാദത്തിന് നൽകണം എന്ന് ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. 9 മുതൽ 15 വരെയുള്ള ഹോളി അവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ വിഷയം വീണ്ടും ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.