 കക്ഷി നേതാക്കൾ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ സ്പീക്കർ

ന്യൂഡൽഹി: ഡൽഹി കലാപത്തെച്ചൊല്ലി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സ്പീക്കർ ഓം ബിർള തുടർച്ചയായ മൂന്നാംദിവസവും ലോക്‌സഭയിലെത്തിയില്ല. സഭയിലെത്തണമെന്ന് കക്ഷിനേതാക്കൾ ചേംബറിൽ നേരിട്ടെത്തി അഭ്യർത്ഥിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. ബുധനാഴ്ച മുതൽ പാനൽ സ്‌പീക്കർമാരാണ് ലോക്‌സഭാ നടപടികൾ നിയന്ത്രിക്കുന്നത്. എല്ലാദിവസവും പാർലമെന്റിലെ സ്വന്തം ചേംബറിൽ ഓം ബിർള എത്തുന്നുണ്ട്.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരോടൊപ്പമാണ് സഭയിലെ എല്ലാപാർട്ടികളുടെയും നേതാക്കൾ ഓം ബിർളയെ കണ്ടത്. അംഗങ്ങൾ അച്ചടക്കം പാലിക്കാതെ സഭയിലെത്തില്ലെന്നാണ് സ്പീക്കറുടെ നിലപാട്.
തുടർച്ചയായി സഭ തടസപ്പെടുന്നതിലും ചില അംഗങ്ങളുടെ പെരുമാറ്റത്തിലും സ്പീക്കർ ഓംബിർള അതീവ ദുഃഖിതനാണെന്ന് വ്യാഴാഴ്ച പാനൽ സ്പീക്കർ ബി.ജെ.ഡി നേതാവ് ഭർതൃഹരി മെഹതബ് സഭയിൽ പറഞ്ഞിരുന്നു.
ഡൽഹി കലാപ വിഷയത്തിൽ ഹോളിക്ക് ശേഷം ചർച്ച നടത്താമെന്ന് സ്പീക്കർ പ്രതിപക്ഷത്തെ അറിയിച്ചു. എന്നാൽ അടിയന്തര ചർച്ച എന്നതിൽ പ്രതിപക്ഷം ഉറച്ചു നിന്നതോടെ ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ച തിങ്കളാഴ്ച മുതൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച സ്പീക്കർ ഓം ബിർള ചെയറിലിരിക്കെ പ്രതിപക്ഷ അംഗങ്ങളിൽ ചിലർ കടലാസ് കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നവരെ സസ്‌പെൻഡ് ചെയ്യുമെന്ന മുന്നറിയിപ്പും പ്ലക്കാർഡുകൾ സഭയ്ക്കുള്ളിൽ കൊണ്ടു വരരുതെന്ന നിർദ്ദേശവും പ്രതിപക്ഷം അവഗണിച്ചിരുന്നു. തുടർന്നാണ് സഭയിൽ നിന്ന് സ്പീക്കർ വിട്ടു നിന്നത്.