kerala-

ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വർഷം ഒടുവിൽ നടക്കേണ്ട തിരഞ്ഞെടുപ്പിൽ 2019ലെ വോട്ടർ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന സർക്കാർ, കോൺഗ്രസ്, മുസ്ലീം ലീഗ് പ്രതിനിധികൾ തുടങ്ങിയവർക്ക് സുപ്രീംകോടതി നോട്ടീസയച്ചു. മറ്റു കക്ഷികളുടെ നിലപാടും അറിഞ്ഞ ശേഷം കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. കോൺഗ്രസും മുസ്ലീം ലീഗുമാണ് കേസിലെ എതിർ കക്ഷികൾ. തദ്ദേശ തിരഞ്ഞെടുപ്പ് 2015ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്താനുള്ള കമ്മിഷന്റെ തീരുമാനത്തിന് എതിരെയാണ് എതിർ കക്ഷികൾ നേരത്തേ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. .

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി അറ്റോർണി ജനറൽ കെ. കെ. വേണുഗോപാലും, കോൺഗ്രസിനും ലീഗിനും വേണ്ടി കോൺഗ്രസ് നേതാവും സീനിയർ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ് വിയും ഹാജരായി.

തിര‌ഞ്ഞെടുപ്പ്

കമ്മിഷന്റെ വാദം

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ബൂത്ത് അടിസ്ഥാനത്തിലും

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പട്ടിക വാർഡ് അടിസ്ഥാനത്തിലുമുള്ളതാണ്.

2019ലെ പട്ടിക പ്രകാരം ,25,000 ത്തോളം ബൂത്തുകളുണ്ട്. ഹൈക്കോടതി വിധി നടപ്പാക്കണമെങ്കിൽ ഇത്രയും ബൂത്തുകളിലെ വീട്ടുനമ്പരടക്കം പരിശോധിക്കണം. 25,000 ഉദ്യോഗസ്ഥരെ വേണ്ടി വരും..

വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിലേക്ക് മാറ്റുന്നത് കാലതാമസമുണ്ടാക്കും.

പത്ത് കോടിയിലധികം രൂപയുടെ അധികച്ചെലവുണ്ടാകും.

 2015ലെ പട്ടികയിൽ പുതുതായി പേര് ചേർക്കാൻ പതിനഞ്ചര ലക്ഷത്തോളം പേർ

അപേക്ഷ നൽകി. ഇതിൽ പകുതിപ്പേർ ഇതിനകം വോട്ടർമാരായി

 തിരഞ്ഞടുപ്പ് കമ്മിഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലുള്ള പ്രവർത്തനങ്ങളിൽ ഹൈക്കോടതി ഇടപെടൽ അംഗീകരിക്കാനാവില്ല.

കോൺഗ്രസ്, ലീഗ് വാദം

 2019ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഈ പട്ടിക ഉപയോഗിച്ചാൽ അതിന് ശേഷമുള്ള പുതിയ വോട്ടർമാരുടെ മാത്രം പേര് ചേർത്താൽ മതിയാവും.

 2015ലെ പട്ടിക പുതുക്കി ഉപയോഗിക്കുന്ന പക്ഷം,അതിന് ശേഷമുള്ള അഞ്ച് വർഷത്തെ ലക്ഷക്കണക്കിന് പുതിയ വോട്ടർമാരുടെ പേര് ചേർക്കേണ്ടി വരും.

ഒരു പട്ടികയിലുണ്ടായിട്ടും വീണ്ടും പേര് ചേർക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ഇരട്ടി ബുദ്ധിമുട്ടുണ്ടാക്കും