nirbhaya-case

ന്യൂഡൽഹി: നിർഭകേസിൽ പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ, തന്റെ സമ്മതമില്ലാതെ നിർബന്ധിപ്പിച്ചാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവർ ദയാഹർജിയും തിരുത്തൽ ഹർജിയും സമർപ്പിച്ചതെന്നും അതിനാൽ പുതിയ ഹർജി നൽകാൻ അനുമതി നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. കേസിലെ നാലുപ്രതികളുടെയും വധശിക്ഷ മാർച്ച് 20ന് നടപ്പാക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

അഭിഭാഷകനായ മനോഹർലാൽ ശർമയാണ് മുകേഷിന് വേണ്ടി ഇന്നലെ ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്.

മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴ് ദിവസത്തിനുള്ളിൽ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകണമെന്ന് തന്നെ ബൃന്ദ ഗ്രോവർ തെറ്റിദ്ധരിപ്പിച്ചു. ചിന്തിച്ച് പ്രവർത്തിക്കാൻ സമയം ലഭിച്ചില്ല. ബൃന്ദ ഗ്രോവറിനെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കോടതി ഇന്ന് ഹോളി അവധിക്കായി അടയ്ക്കും.

കഴിഞ്ഞ ജനുവരി 7നാണ് മുകേഷ് തിരുത്തൽ ഹർജിയും ദയാഹർജിയും നൽകിയത്.