ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിലെ കലാപവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രത്തിനും ഡൽഹി പൊലീസിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
പൊലീസ് ഹാജരാക്കിയ രേഖകൾ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനാലാണ് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, ഐ.എസ്. മേത്ത എന്നിവരുൾപ്പെട്ട ബെഞ്ച് കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഹോളി അവധിക്ക് ശേഷം 12ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ഹരി ശങ്കർ എന്നിവരുൾപ്പെട്ട ബെഞ്ച് കേസിൽ വാദം കേൾക്കും.
കപിൽ മിശ്ര അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ ഹർഷ് മന്ദർ നൽകിയ ഹർജി, കലാപത്തിൽ മരിച്ചവരുടെയും അറസ്റ്റിലായവരുടെയും വിവരങ്ങൾ പൊലീസ് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നൽകിയ ഹർജി, ജുഡിഷ്യൽ അന്വേഷണവും കൂടുതൽ നഷ്ടപരിഹാരവും ആവശ്യപ്പെട്ടുളള ഹർജി, കോൺഗ്രസ് നേതാക്കളായ സോണിയഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വിദ്വേഷ പ്രസംഗം നടത്തിയെന്ന് കാട്ടി ലായേഴ്സ് വോയ്സ് എന്ന സംഘടന നൽകിയ ഹർജി എന്നിവയാണ് ഇന്നലെ കോടതി പരിഗണിച്ചത്.
അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കരുത്
കലാപത്തിൽ കൊല്ലപ്പെട്ടവരിലെ അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി പൊലീസിനോട് നിർദ്ദേശിച്ചു. കലാപത്തിനിടെ ബന്ധുവിനെ കാണാതായി എന്ന ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. മാർച്ച് 11 വരെ സംസ്കരിക്കരുതെന്നും മൃതദേഹത്തിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് സൂക്ഷിക്കണമെന്നും പോസ്റ്റ്മോർട്ട നടപടികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കണമെന്നും പൊലീസിനും ആശുപത്രി അധികൃതർക്കും കോടതി നിർദേശം നൽകി. മൃതദേഹങ്ങളെ സംബന്ധിച്ച പൂർണവിവരം ഡൽഹി പൊലീസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. കലാപത്തിനിടെ കാണാതായവരെക്കുറിച്ചുള്ള പരാതികളിൽ അടിയന്തരനടപടി സ്വീകരിക്കാനും കോടതി പൊലീസിനോട് നിർദ്ദേശിച്ചു. ചാന്ദ് ബാഗിൽ മാത്രം 40പേരുൾപ്പെടെ 130 ഓളംപേരെ കാണാതായെന്നാണ് പരാതി.