parliment

ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായി അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഹോളി കഴിഞ്ഞ് മാർച്ച് 11ന് വീണ്ടും സഭ ചേരും. അന്ന് ഡൽഹി കലാപ വിഷയത്തിൽ ലോക്‌സഭയിൽ ചർച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ രാവിലെ തന്നെ പിരിഞ്ഞു.

ആഭ്യന്തര മന്ത്രി അമിത്ഷാ രാജി വയ്‌ക്കണം, പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രണ്ടുതവണ നിറുത്തിവച്ച ശേഷമായിരുന്ന ലോക്‌സഭ പിരിഞ്ഞത്. പ്രതിഷേധത്തിനിടെ ധാതുനിയമ ഭേദഗതി ബില്ലും പാപ്പരത്വ നിയമ രണ്ടാം ഭേദഗതി ബില്ലും ശബ്ദവോട്ടോടെ ലോക്‌സഭ പാസാക്കി.
ഏഴ് എം.പിമാരെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞാണ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ സഭയിലെത്തിയത്. സസ്പെൻഷൻ പിൻവലിക്കണമെന്ന കോൺഗ്രസ് സഭാനേതാവ് അധീർരഞ്ജൻ ചൗധരിയുടെ ആവശ്യത്തെ എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ കക്ഷികൾ പിന്തുണച്ചു. അതേസമയം 70 വർഷത്തിനിടെയുണ്ടായിട്ടില്ലാത്ത സംഭവമാണ് നടന്നതെന്നും സ്പീക്കറുടെ മേശയിൽ നിന്ന് കടലാസെടുത്ത് കീറിയെറിഞ്ഞ അംഗങ്ങളെ പുറത്താക്കണമെന്നും പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. തുടർന്ന് പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങൾ പരിശോധിക്കാൻ സമിതി രൂപീകരിക്കുമെന്ന് പാനൽ സ്പീക്കർ കീർത്തി സോളങ്കി അറിയിച്ചു. ബഹളം തുടർന്നതോടെ സഭ ബുധനാഴ്ചത്തേക്ക് പിരിഞ്ഞു.

ചേംബറിലെത്തി സ്പീക്കർ ഓംബിർളയെ സന്ദർശിച്ച അധീർ രഞ്ജൻ ചൗധരി കോൺഗ്രസ് അംഗങ്ങളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടു.

സസ്പെൻഷനെതിരെ രാവിലെ പാർലമെൻറിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു.

 പ്രതിഷേധം

പരിശോധിക്കാൻ സമിതി

ലോക്‌സഭയിൽ മാർച്ച് 2 മുതൽ 5 വരെ അരങ്ങേറിയ പ്രതിപക്ഷ പ്രതിഷേധം സ്പീക്കർ ഓം ബിർള അദ്ധ്യക്ഷനായ സമിതി പരിശോധിക്കും. സമിതിയിൽ ലോക്‌സഭയിലെ എല്ലാ കക്ഷികളുടെയും പ്രതിനിധികളും ഉണ്ടാകും. പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങൾ സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇറ്റാലിയൻ ബന്ധം ചൂണ്ടിക്കാട്ടി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും കുടുംബത്തിനുമെതിരെ വിവാദ കൊറോണ പരാമർശം നടത്തിയ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടിയുടെ എം.പി. ഹനുമാൻ ബേനിവാളിന്റെ പരാമർശവും സമിതിയുടെ പരിശോധനയിൽവരും.