ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ദ്വാരകയിൽ, രണ്ടു മുറികളും അടുക്കളയുമുള്ള ഫ്ളാറ്റിലേക്കു കയറിച്ചെല്ലുന്ന മുറി നിറയെ ചി
ത്രങ്ങൾ. ആ വീട്ടിലെ മകളുടെ ഫോട്ടകളാണ് ചുമർ നിറയെ. സ്കൂളിൽ സമ്മാനങ്ങൾ വാങ്ങുന്നത്. അമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്നത്, പല പോസിൽ നിന്ന് ചിരിക്കുന്നത്... 2012 ഡിസംബർ 16 നു ശേഷം ആ മകളുടെ പേര് നിർഭയ എന്നാണ്. ആ രാത്രിയിൽ നെഞ്ചിൽ തറച്ച നോവിനെക്കുറിച്ച് കണ്ണീരോടെ പറയുമ്പോഴും നിർഭയയുടെ അമ്മ ആശാദേവിയുടെ ശബ്ദത്തിന് പോരാട്ടത്തിന്റെ കരുത്ത്: 'ലോകത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് നീതി നടപ്പാക്കിക്കിട്ടാൻ ഞാൻ നിയമങ്ങളോട് യുദ്ധം ചെയ്യുന്നത്!'
ഇന്ന് വനിതാ ദിനമാണെന്ന്, ഇന്നലെ ഉച്ചയ്‌ക്ക് ഞാൻ കാണാൻ ചെല്ലുന്നതു വരെയും ഈ അമ്മ ഓർത്തിരുന്നില്ല. ദ്വാരകയിലെ ഫ്ളാറ്റിലേക്കുള്ള വഴിയിൽ ചിലേടത്തൊക്കെ വനിതാ ദിനാഘോഷങ്ങളുടെ തോരണങ്ങളുണ്ടായിരുന്നു. പക്ഷേ, കോടതികളിലേക്കല്ലാതെ മറ്രെങ്ങോട്ടും ഇറങ്ങാത്ത ഈ അമ്മ അതൊക്കെ എങ്ങനെ കാണാൻ? വനിതാദിനമാണെന്നു പറഞ്ഞപ്പോൾ ആശാദേവി കണ്ണു തുടച്ചു: 'മോളുണ്ടായിരുന്നെങ്കിൽ നേരത്തേ അറിഞ്ഞേനെ. പെൺകുട്ടികൾ ആഘോഷിക്കട്ടെ. അവർക്ക് ഓരോ ദിവസവും പേടിയില്ലാതെ ആഘോഷിക്കാൻ സാധിക്കട്ടെയെന്നാണ് എന്റെ പ്രാർത്ഥന. പ്രതികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ലോകത്ത് ഇരകളുടെ നീതിക്ക് വില കിട്ടുന്ന കാലം വരെ എന്റെ പോരാട്ടം തുടരും.'
നിർഭയ കേസിലെ നാലു പ്രതികളുടെ മരണശിക്ഷ നടപ്പാകാൻ ഇനി പന്ത്രണ്ടു ദിവസം കൂടിയേയുള്ളൂ. പക്ഷേ, രാജ്യം മുഴുവൻ കാത്തിരിക്കുന്ന വധശിക്ഷ അന്നുതന്നെ നടപ്പാകുമെന്ന് ആശാദേവിക്ക് ഇപ്പോഴും അത്ര വിശ്വാസം പോരാ. ഹർജികൾക്കു പിന്നാലെ ഹർജികൾ. പ്രതികളുടെ എല്ലാ അവകാശങ്ങളും നടപ്പാക്കിക്കൊടുത്തു കഴിഞ്ഞോ എന്ന് എനിക്കറിയില്ല. ജയിൽ അധികൃതർ അനുവദിക്കുമെങ്കിൽ തൂക്കിക്കൊല നേരിൽക്കാണാൻ ഞാൻ പോകും. എനിക്കത് കാണണം- പെയ്തു തോരാത്ത കണ്ണീരിന് വിരൽത്തുമ്പുകൊണ്ട് തടയിട്ട് ആശാദേവി പറഞ്ഞു.
ഓർക്കാൻ ഇഷ്ടമില്ലാത്തതാണ് ആ രാത്രിയുടെ അനുഭവമെങ്കിലും ആശാദേവി ഓരോ ദിവസവും ഓർക്കും. അതു ഞായറാഴ്ചയായിരുന്നു. കൂട്ടുകാരെ കാണാനാണ് വൈകിട്ട് നാലിന് മോൾ വിട്ടീൽ നിന്നിറങ്ങിയത്. എട്ടു മണിയായിട്ടും തിരിച്ചെത്തിയില്ല. ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. മകനെ പറഞ്ഞയച്ച് ബസ് സ്റ്റോപ്പിൽ പല തവണ അന്വേഷിച്ചു. അച്ഛൻ വന്നപ്പോൾ പത്തു മണിയായി. ആ തണുപ്പിലും ഗേറ്റിൽ അവളെയും കാത്ത് ഞങ്ങൾ കുറേനേരം നിന്നു.
അന്വേഷിച്ചുപോയ അച്ഛനാണ് കുറേക്കഴിഞ്ഞ് വിളിച്ചത്. സഫ്ദർജംഗ് ആശുപത്രിയിലേക്ക് പെട്ടെന്നു ചെല്ലാൻ പറഞ്ഞു. ഐ.സി.യുവിലായിരുന്നു മോൾ. ആരോ വലിച്ചെറിഞ്ഞുപോയ വലിയൊരു തുണിക്കെട്ടു പോലെ അവൾ ചോരയിൽ മുങ്ങി കിടക്കുകയായിരുന്നു... പന്ത്രണ്ടാം നാൾ മരണത്തിലേക്കു യാത്രയാകും മുമ്പ് കണ്ണു തുറന്ന്, തന്റെ കൈപിടിച്ച് മകൾ പറഞ്ഞത് ആശാദേവിക്കു മറക്കാനാകില്ല- 'ഇനിയൊരു പെൺകുട്ടിക്കും ഇതു സംഭവിക്കരുത് അമ്മേ. അവർക്ക് തൂക്കുകയർ കിട്ടണം.' അതിനായുള്ള ആശാദേവിയുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ലോകത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടി ഈ അമ്മയുടെ പ്രാർത്ഥനയുണ്ട്.