jayasankar

ന്യൂഡൽഹി: മാനദണ്ഡങ്ങളും സാഹചര്യങ്ങളും പരിഗണിച്ചാണ് ലോകത്ത് എല്ലാ രാജ്യങ്ങളും പൗരത്വം അനുവദിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു രാജ്യവും ലോകത്തില്ലെന്നും ദേശീയ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങളെ പരാമർശിച്ച് മന്ത്രി പറഞ്ഞു.

' പൗരത്വത്തിന്റെ കാര്യത്തിൽ എല്ലാ രാജ്യങ്ങൾക്കും സ്വന്തം മാനദണ്ഡങ്ങളുണ്ട്. പ്രത്യേക സാഹചര്യങ്ങളും പരിഗണിക്കും. ലോകത്തെ എല്ലാവർക്കും സ്വാഗതമോതുന്ന രാജ്യത്തെ ചൂണ്ടിക്കാട്ടാനാവില്ല. ദേശീയ പൗരത്വ നിയമം വഴി പൗരത്വമില്ലാത്തവരുടെ എണ്ണം കുറയ്‌ക്കാനാണ് ശ്രമിച്ചത്. അത് അഭിനന്ദിക്കപ്പെടണം. ഇന്ത്യയ്‌ക്ക് വലിയ പ്രശ്‌നമാകാത്ത തരത്തിലാണ് നിയമ നിർമ്മാണം.' - ജയശങ്കർ പറഞ്ഞു.

പൗരത്വ ഭേദഗതിയുടെ പേരിൽ സുപ്രീംകോടതിയെ സമീപിച്ച ഐക്യരാഷ്‌ട്ര മനുഷ്യാവകാശ കൗൺസിലിന് (യു.എൻ.എച്ച്.ആർ.സി) ജമ്മുകാശ്‌മീർ വിഷയത്തിലും തെറ്റായ നിലപാടാണെന്നും മന്ത്രി പറഞ്ഞു. മുൻപും യു.എൻ.എച്ച്.ആർ.സിയുടെ നിലപാട് ഇന്ത്യയ്‌ക്ക് അനുകൂലമായിരുന്നില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ അയൽ രാജ്യത്തിന്റെ പങ്കിനെക്കുറിച്ച് സംസാരിക്കുന്നുമില്ല.