ന്യൂഡൽഹി: കോഴക്കേസിൽ സി.ബി.ഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്‌താനയ്ക്കെതിരെ തെളിവില്ലെന്ന് സി.ബി.ഐ കോടതി.
അസ്‌താനയ്ക്കും ഡി.എസ്.പി ദേവേന്ദ്ര കുമാറിനും ക്ലീൻ ചിറ്റ് നൽകിയ സി.ബി.ഐ തീരുമാനം റോസ് അവന്യൂ കോംപ്ലക്‌സ് സ്‌പെഷ്യൽ സി.ബി.ഐ കോടതി അംഗീകരിച്ചു.മനോജ് പ്രസാദ് എന്നയാൾക്കെതിരായ കുറ്റപത്രം അംഗീകരിക്കുന്നതിനിടെയാണ് കോടതിയുടെ തീരുമാനം.
രാകേഷ് അസ്‌താന, ദേവേന്ദ്ര കുമാർ എന്നിവർക്കെതിരായ ആരോപണം തെളിയിക്കുന്നതിൽ മതിയായ രേഖകളില്ലെന്ന് സ്‌പെഷ്യൽ ജഡ്ജി സഞ്ജീവ് അഗർവാൾ പറഞ്ഞു. അലോക് വർമ്മയ്ക്കു വേണ്ടി തനിക്കെതിരെ വ്യാജമായി കേസെടുത്തതാണെന്ന് രാകേഷ് അസ്താന തുടക്കം മുതൽ പറഞ്ഞിരുന്നു.
2018 ഒക്‌ടോബറിൽ ദുബായിലെ മനോജ് പ്രസാദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. ഒരാഴ്ച കഴിഞ്ഞ് ദേവേന്ദ്ര കുമാറിനെയും കസ്റ്റഡിയിലെടുത്തു. ക്രിമിനൽ ഗൂഢാലോചന, അഴിമതി, പെരുമാറ്റദൂഷ്യം, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്.