ന്യൂഡൽഹി:രാജ്യത്ത് കൊറോണ ( കൊവിഡ്-19) സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. കേരളത്തിൽ അഞ്ചുപേർക്കും തമിഴ്നാട്ടിൽ ഒരാൾക്കുമാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധയുള്ള 19 പേർ ഡൽഹിയിൽ ചികിത്സയിലാണ്. ചികിത്സയ്ക്കും നിരീക്ഷണത്തിനും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു.ഡൽഹിയിൽ ബസുകൾ, മെട്രോ, ആശുപത്രികൾ എന്നിവ നിരന്തരം അണുവിമുക്തമാക്കണമെന്നും വൈറസ് ബാധയെ നേരിടാൻ രാജ്യതലസ്ഥാനം സജ്ജമാണെന്നും സർക്കാർ അറിയിച്ചു. 25 ആശുപത്രികളിലായി 168 ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കി. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.കൊറോണ വൈറസ് പരിശോധനയ്ക്കായി നിലവിലെ 52 ലാബുകളുണ്ടെന്നും സാമ്പിൾ ശേഖരണത്തിനടക്കം 57 ലാബുകൾകൂടി സജ്ജമാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഐസൊലേഷൻ സംവിധാനം ഒരുക്കാൻ എയിംസ്, പോണ്ടിച്ചേരി ജിപ്മർ എന്നീ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അരുണാചൽ പ്രദേശിൽ വിദേശികൾക്ക് പ്രവേശനം നൽകുന്നത് സംസ്ഥാന സർക്കാർ താൽകാലികമായി നിറുത്തി. വ്യാജപ്രചരണങ്ങൾ ശക്തമായതിനെ തുടർന്ന് ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് ടെലികോം കമ്പനികളും കോളർട്യൂണായി കൊറോണ വൈറസ് ബോധവൽക്കരണ സന്ദേശം ലഭ്യമാക്കി.
ഡയൽടോൺ ബോധവത്കരണവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: മൊബൈൽ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഡയൽടോണിന് പകരം കോറോണ (കോവിഡ്-19) വൈറസ് ബോധവത്കരണ സന്ദേശവുമായി വിവിധ ടെലികോം സേവന ദാതാക്കൾ. വ്യാപനത്തിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ആശയമാണ് ഇത്. ഒരു ചുമയോടുകൂടിയാണ് സന്ദേശം ആരംഭിക്കുന്നത്. 'കൊറോണ വൈറസ് പടരുന്നത് തടയാൻ നിങ്ങൾക്ക് കഴിയും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഒരു തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. മുഖമോ കണ്ണോ മൂക്കോ സ്പർശിക്കരുത്. ആർക്കെങ്കിലും ചുമ, പനി, ശ്വാസം മുട്ടൽ എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. ആവശ്യമെങ്കി അടുത്തുള്ള ആരോഗ്യകേന്ദ്രം ഉടൻ സന്ദൾശിക്കുക'. ഇതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സന്ദേശം.