award
award

ന്യൂഡൽഹി: ''ഞാൻ കാർത്ത്യായനി അമ്മ. 98 വയസായി. നാലാംതരം പാസായി. നൂറുമാർക്ക് കിട്ടുമെന്നാ കരുതിയേ. എൺപത്തിയെട്ടേ കിട്ടിയുള്ളൂ. പത്തുവരെ പഠിക്കണമെന്ന ആശയിലാണ്. അത് ഒക്കുവോയെന്ന് നമ്മക്കറിയാൻ ഒക്കത്തില്ല.'' ഒന്നു മുകളിലേക്ക് നോക്കി ചിരിച്ചുകൊണ്ട് കാർത്ത്യായനി അമ്മ പറഞ്ഞു.

നിറഞ്ഞപുഞ്ചിരിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ കേട്ടിരുന്നു.

വനിതാദിനത്തോടനുബന്ധിച്ച് നാരീശക്തി പുരസ്കാരം ലഭിച്ചവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു പ്രധാനമന്ത്രി. പരിഭാഷകന്റെ സഹായത്തോടെയാണ് കാർത്ത്യായനി അമ്മയും മോദിയും സംസാരിച്ചത്.

കമ്പ്യൂട്ടർ പഠിച്ചിട്ടുണ്ടോ? എന്ന് മോദി ചോദിച്ചു.

കൊറേശെ ഇപ്പോഴ് പഠിക്കുന്നുണ്ട്. കാർത്ത്യായനി അമ്മയുടെ മറുപടികേട്ട് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു.

എനിക്കൊന്നും അറിയാമ്മേല. കൊച്ചുങ്ങൾ വന്നുപഠിപ്പിക്കും - കാർത്ത്യായനി അമ്മ പറഞ്ഞു.

കാർത്ത്യായനി അമ്മയെപോലുള്ളവർ പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് കാർത്ത്യായനി അമ്മ പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ നാലാംതരത്തിൽ 98 ശതമാനം മാർക്കോടെ ഒന്നാംറാങ്ക് നേടിയാണ് ആലപ്പുഴ സ്വദേശി കാർത്ത്യായനി അമ്മ പാസായത്. ഇളയമകൾ അമ്മിണി അമ്മയും സാക്ഷരതാ പ്രേരക് സതിയും ഒപ്പം എത്തിയിരുന്നു. നാലാംതരം തുല്യത പാസായ കൊല്ലം പ്രാക്കുളം സ്വദേശി കെ. ഭാഗീരഥി അമ്മയ്ക്കും നാരീശക്തി പുരസ്കാരം ലഭിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം എത്തിയില്ല. അധികൃതർ വീട്ടിലെത്തി പുരസ്കാരം നൽകും.