ന്യൂഡൽഹി: പശ്ചിമബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തെ എതിർത്ത് പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗം നേതാക്കൾ വീണ്ടും രംഗത്ത്.
മാർച്ച് ആറിന് ചേർന്ന അവൈലബിൾ പി.ബി യോഗം ഈ നിർദ്ദേശം തള്ളുകയും , മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ കോൺഗ്രസുമായി ഒരു സഖ്യവും വേണ്ടെന്ന നിലപാടെടുക്കുകയും ചെയ്തതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 17 പി.ബി അംഗങ്ങളിൽ 9 പേരാണ് യോഗത്തിലുണ്ടായിരുന്നത്. മറ്റംഗങ്ങളോടും അഭിപ്രായം തേടിയിട്ടുണ്ട്.
2005 മുതൽ 2017 വരെ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു യെച്ചൂരി. 2017ൽ വീണ്ടും മത്സരിച്ചാൽ പിന്തുണ നൽകാമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചെങ്കിലും സി.പി.എം തള്ളിയിരുന്നു. നിലവിൽ ബംഗാളിൽ നിന്ന് ലോക്സഭയിലും രാജ്യസഭയിലും സി.പി.എമ്മിന് അംഗങ്ങളില്ല. ബംഗാളിൽ അഞ്ച് രാജ്യസഭാ സീറ്റുകളാണ് ഏപ്രിൽ രണ്ടിന് ഒഴിയുന്നത്. മാർച്ച് 13നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാലു സീറ്റിൽ ഭരണപക്ഷമായ തൃണമൂലിന് വിജയിപ്പിക്കാനാവും. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസ് - സി.പി.എം സഖ്യമായി സ്ഥാനാർത്ഥിയെ നിറുത്തിയാൽ അഞ്ചാം സീറ്റിലേക്ക് മത്സരിക്കില്ലെന്നാണ് തൃണമൂൽ നിലപാട്. സി.പി.എമ്മിന് 26 എം.എൽ.എമാരാണുള്ളത്. ഇടതുപാർട്ടികൾക്ക് ആകെ 28 സീറ്റ്. 46 വോട്ടാണ് രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ വേണ്ടത്. ബി.ജെ.പിക്കെതിരായ പോരാട്ടമുഖം ശക്തമാക്കാൻ ,യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കിൽ പിന്തുണ നൽകാമെന്നാണ് 45 എം.എൽ.എമാരുള്ള കോൺഗ്രസിന്റെ നിലപാട്. ഇടതുസ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യ പറഞ്ഞു. സി.പി.എം സ്ഥാനാർത്ഥിയെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് പാർട്ടിയുടെ ഒരു കേന്ദ്ര കമ്മിറ്റി അംഗം അറിയിച്ചു.
ടി.കെ രംഗരാജൻ, എളമരം കരീം, കെ.കെ രാഗേഷ്, ജർണദാസ്, കെ.സോമപ്രസാദ് എന്നീ അഞ്ച് അംഗങ്ങളാണ് നിലവിൽ സി.പി.എമ്മിനുള്ളത്. സഭാ നേതാവ് ടി.കെ രംഗരാജൻ ഏപ്രിലിൽ വിരമിക്കുന്നതോടെ ഇത് നാലായി ചുരുങ്ങും. അഞ്ചംഗങ്ങളിൽ താഴെയുള്ള പാർട്ടിക്ക് 'മറ്റുള്ളവർ' എന്ന പരിഗണനയാണ് ലഭിക്കുക എന്നതിനാൽ അംഗങ്ങൾക്ക് രാജ്യസഭയിൽ സംസാരിക്കാനുള്ള സമയപരിധിയും കുറയും.