shah-alam

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ സഹോദരൻ ഷാ ആലമിനെ വടക്കു കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. കേസിൽ താഹിർ ഹുസൈനെ പൊലീസ് നേരത്തെ അറസ്‌റ്റു ചെയ്‌തിരുന്നു.

ചാന്ദ്ബാഗിൽ അങ്കിത് കൊല്ലപ്പെട്ട സമയത്ത് ആലം സ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഒളിവിൽപ്പോയ ആലത്തിന്റെ വീട്ടിൽ പൊലീസ് നിരവധി തവണ റെയ്ഡ് നടത്തിയിരുന്നു. മാർച്ച് അഞ്ചിന് കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് കേസിലെ ഒന്നാം പ്രതി താഹിർ ഹുസൈനെ അറസ്‌റ്റ് ചെയ്‌തത്. കലാപത്തിനിടെ കൊല്ലപ്പെട്ട അങ്കിത് ശർമ്മയുടെ മൃതദേഹം ഫെബ്രുവരി 26ന് ഭജൻപുരയിലെ അഴുക്കു ചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് താഹിറിനെ പ്രതിയാക്കി അങ്കിതിന്റെ പിതാവ് രവീന്ദർ കുമാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. താഹിറിനെ ആം ആദ‌്മി പാർട്ടി പുറത്താക്കുകയും ചെയ്തു.