ന്യൂഡൽഹി: വധശിക്ഷയുടെ തീയതി അടുത്തതോടെ രക്ഷപ്പെടാൻ വീണ്ടും നിയമസഹായങ്ങൾ തേടി നിർഭയ കേസിലെ പ്രതികളിൽ ഒരാളായ വിനയ് ശർമ. വധശിക്ഷ ജീവപര്യന്തമായി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിന് വിനയ് ദയാഹർജി നൽകി. തിരുത്തൽ ഹർജിയും രാഷ്ട്രപതിക്കുള്ള ദയാഹർജിയുമടക്കം വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിനയ് ശർമ നൽകിയ എല്ലാ ഹർജികളും തള്ളിയിരുന്നു.
കഴിഞ്ഞ ദിവസം കേസിലെ പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നേരത്തെ, തന്റെ സമ്മതമില്ലാതെ നിർബന്ധിപ്പിച്ചാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവർ ദയാഹർജിയും തിരുത്തൽ ഹർജിയും സമർപ്പിച്ചതെന്നും അതിനാൽ പുതിയ ഹർജി നൽകാൻ അനുമതി നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. കേസിലെ നാലുപ്രതികളുടെയും വധശിക്ഷ 20ന് നടപ്പാക്കണമെന്ന് ഡൽഹി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.