ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹി കലാപം തടയുന്നതിൽ പൊലീസ് ബോധപൂർവം വീഴ്ചവരുത്തിയെന്ന് കോൺഗ്രസ് വസ്തുതാന്വേഷണ സംഘം. കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, താരീഖ് അൻവർ, സുഷ്മിത ദേവ്, ശക്തി സിംഗ് ഗോയൽ, കുമാരി ഷെൽജ എന്നിവരടങ്ങുന്ന അന്വേഷണ സംഘം കലാപമേഖലകൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് സമർപ്പിച്ചു. ബി.ജെ.പി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗവും കലാപത്തിന് കാരണമായെന്നും അമിത്ഷായ്ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും വസ്തുതാന്വേഷണ സംഘം പറഞ്ഞു.
നിർദ്ദേശങ്ങൾ
- പ്രകോപന പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, പർവേശ് വർമ്മ എം.പി, കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ എന്നിവർക്കെതിരെ കേസെടുക്കണം
-കലാപത്തെക്കുറിച്ച് ഹൈക്കോടതിയുടെയോ സുപ്രീംകോടതിയിലെയോ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം. - നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ല.
കലാപം നടത്താൻ പുറത്ത് നിന്ന് ആളുകളെ ഇറക്കി
-കലാപം നടത്താൻ കരുതിക്കൂട്ടിയുള്ള ശ്രമമുണ്ടായി. കലാപം തുടങ്ങിയപ്പോൾ പൊലീസ് അനങ്ങിയില്ല. സഹായം തേടിയുള്ള ഫോൺ കാളുകളും അവഗണിച്ചു
- കലാപം പടരുന്നത് തടയാൻ ഡൽഹി സർക്കാർ ഒന്നും ചെയ്തില്ല. -കലാപമുണ്ടായപ്പോൾ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തയ്യാറായില്ല.
- ഇരകളുടെ പുനരധിവാസത്തിന്റെ കാര്യത്തിൽ കേജ്രിവാൾ പരാജയപ്പെട്ടു.
- ഇരകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിംഗ് പോലുള്ള നടപടികൾ ആരംഭിക്കണം.