scindia

ന്യൂഡൽഹി:മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്‌ക്കുന്ന 20ൽ അധികം കോൺഗ്രസ് എം.എൽ.എമാരെ രാജിവയ്പിച്ച് കമൽനാഥ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ബി.ജെ.പി നടപ്പാക്കിയത് കർണാടകയിൽ വിജയിച്ച 'ഓപ്പറേഷൻ താമര' തന്ത്രങ്ങൾ. കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും യുവനേതാവ് സച്ചിൻ പൈലറ്റിനുമിടയിൽ പടലപ്പിണക്കം പുകയുന്ന രാജസ്ഥാനിലും ഓപ്പറേഷൻ താമര നടപ്പാക്കാൻ ബി.ജെ.പി ലക്ഷ്യമിടുന്നുവെന്നാണ് സൂചന.

മധ്യപ്രദേശ് കൈവിടുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് നേരിടുന്ന വൻ രാഷ്‌ട്രീയ പ്രതിസന്ധിയാണ്.

കർണാടകയിൽ ജെ.ഡി.എസ്-കോൺഗ്രസ് മുന്നണി സർക്കാരിനെ താഴെയിറക്കി ഭരണം പിടിച്ച ഓപ്പറേഷൻ താമര മദ്ധ്യപ്രദേശിലും നടപ്പാക്കാനുള്ള അണിയറ നീക്കങ്ങളിലായിരുന്നു ബി.ജെ.പി. മദ്ധ്യപ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടിവിടുമെന്ന് രണ്ടുവർഷം മുമ്പ് റിപ്പോർട്ടുണ്ടായിരുന്നു. സിന്ധ്യയുടെയും മുഖ്യമന്ത്രി കമൽനാഥിന്റെയും പേരാണ് അന്നി കേട്ടത്. തുടർന്നാണ് ഹൈക്കമാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കമൽനാഥിനെ പി.സി.സി അദ്ധ്യക്ഷനാക്കിയതും സിന്ധ്യയ്‌ക്ക് പ്രചാരണച്ചുമതല നൽകിയതും. തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാൻഡ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതോടെ സിന്ധ്യയ്‌ക്ക് വിമതന്റെ റോളായി. ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പവുമായി.

മദ്ധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാസീറ്റിലൊന്നിൽ സിന്ധ്യയെ മത്സരിപ്പിക്കുന്നതിനെ എതിർത്ത കമൽനാഥ് പ്രിയങ്കാ ഗാന്ധിക്കുവേണ്ടിയാണ് വാദിക്കുന്നത്. യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രാഹുൽ ഗാന്ധി സിന്ധ്യയെ വേണ്ടത്ര പരിഗണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി. കമൽനാഥ് വഹിക്കുന്ന പി.സി.സി അദ്ധ്യക്ഷ പദവി നൽകി സിന്ധ്യയെ അനുനയിപ്പിക്കാനുള്ള മാർഗവും ഹൈക്കമാൻഡ് തേടിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന സിന്ധ്യ പാർട്ടിയുടെ മോശം പ്രകടനത്തെ ചൊല്ലി ഏറെ വിമർശനങ്ങൾ നേരിട്ടു. ഫലത്തിൽ രാഹുലിന്റെ വിശ്വസ്‌തനായിരുന്ന സിന്ധ്യയെ ബി.ജെ.പി പാളയത്തിലേക്ക് തള്ളിയിടുകയായിരുന്നു കോൺഗ്രസ്.

കോൺഗ്രസിന്റെ 114 എം.എൽ.എമാരിൽ 28 പേർ സിന്ധ്യയുടെ ആളുകളാണ്. ഇതിൽ 22 പേരെ രാജിവയ്പിച്ചതോടെ ഓപ്പറേഷൻ താമര വിജയിച്ചു. ഇങ്ങനെ കൂറുമാറ്റനിരോധന നിയമം വിദഗ്ദ്ധമായി മറികടക്കാമെന്ന് കർണാടകയിൽ അവർ തെളിയിച്ചിട്ടുണ്ട്. മന്ത്രിസ്ഥാനമോ മറ്റ് വാഗ്‌ദാനങ്ങളോ നൽകി രാജിവയ്പിച്ച കോൺഗ്രസ് അംഗങ്ങളെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിപ്പിച്ച് ജയിപ്പിക്കാനുമാകും.കർണാടകത്തിലും അതാണുണ്ടായത്.

സിന്ധ്യ പക്ഷക്കാർ രാജിവച്ചതോടെ കമൽനാഥ് സർക്കാരിന് 230 അംഗസഭയിൽ കേവലഭൂരിപക്ഷമായ 116 സീറ്റ് തികയില്ല. അതോടെ 107 അംഗങ്ങളുള്ള ബി.ജെ.പിക്ക് ശിവ്‌രാജ് ചൗഹാന്റെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്താൻ ബുദ്ധിമുട്ടില്ല.

മദ്ധ്യപ്രദേശിനൊപ്പം അധികാരം നഷ്‌ടമായ രാജസ്ഥാനിലേക്കാണ് ഓപ്പറേഷൻ താമരയുടെ അടുത്ത ഘട്ടമെന്നും സൂചനയുണ്ട്. സിന്ധ്യയുടേതിന് സമാനമായ അവസ്ഥയിലാണ് രാജസ്ഥാനിൽ യുവനേതാവ് സച്ചിൻ പൈലറ്റും. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ജയിപ്പിക്കാൻ പ്രയത്നിച്ച സച്ചിൻ പൈലറ്റിനെ തഴഞ്ഞാണ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയത്.

200 അംഗ നിയമസഭയിൽ വെറും 100 സീറ്റുമായി സ്വതന്ത്രരുടെ പിന്തുണയോടെ ഭരിക്കുന്ന കോൺഗ്രസിന് മദ്ധ്യപ്രദേശിലെ സംഭവങ്ങൾ അവഗണിക്കാനാവില്ല.