ഒന്നാം ആം ആദ്മി സർക്കാരിന്റെ തിരിച്ചറിവിൽ നിന്നാണ് 'ഹാപ്പിനസ് ക്ലാസ് ' എന്ന പാഠ്യപദ്ധതിയ്ക്ക് സർക്കാർ രൂപം നൽകുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിദ്യാഭ്യാസ വിദഗ്ദ്ധയും നിലവിൽ ആം ആദ്മി എം.എൽ.എയുമായ അതിഷീ മർലീനയുമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. ഇന്ത്യയ്ക്ക് പുറമേ മെക്സികോ, പെറു, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഹാപ്പിനസ് ക്ലാസുകൾ പ്രവർത്തിക്കുന്നു. പഠനം ഭാരമാകാതിരക്കാൻ സന്തോഷത്തിന്റെ നുറുങ്ങ് പൊടികൂടി ചേർത്തതോടെ ഹാപ്പിനസ് ക്ലാസിലിരിക്കാൻ അമേരിക്കയിലെ പ്രഥമ വനിതയടക്കം പല പ്രമുഖരും രാജ്യ തലസ്ഥാനത്തെത്തി.
ഹാപ്പി സിലബസ്
2018ൽ പുറത്തിറങ്ങിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ നിന്നാണ് ഇത്തരമൊരു ആശയത്തിനുള്ള തുടക്കം കുറിച്ചത്. വിദ്യാഭ്യാസ വിപ്ലവത്തിൽ ശ്രദ്ധയൂന്നി 2018 ജൂലായ് 2ന് ഡൽഹിയിലെ 1067 സർക്കാർ സ്കൂളുകളിലാണ് ഹാപ്പിനസ് കരിക്കുലം ആദ്യ ഘട്ടത്തിൽ നടപ്പിലാക്കിയത്. വിദ്യാഭ്യാസ വിദഗ്ദ്ധരും സ്കൂളിലെ അദ്ധ്യാപകരും ഒരുമിച്ച് ചർച്ച ചെയ്ത് തയാറാക്കിയ പാഠ്യപദ്ധതി സന്തോഷത്തിന്റെ വഴികളിലൂടെ കുട്ടികളിൽ ഉന്മേഷംവളർത്തി കൂടുതൽ പഠനമികവ് പ്രകടിപ്പിക്കാൻ വഴിയൊരുക്കുന്നതാണ്. നഴ്സറി മുതൽ എട്ടാംതരംവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പദ്ധതി. അക്കാഡമിക് പാഠ്യപദ്ധതിക്കൊപ്പം ദിവസത്തിന്റെ ആദ്യ 45 മിനിറ്റാണ് ഹാപ്പിനസ് ക്ലാസിനായി മാറ്റിവയ്ക്കുക. അദ്ധ്യാപകർ മേൽനോട്ടം വഹിക്കും. ആദ്യം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളെ വേർതിരിക്കും. ഓരോ വിഭാഗക്കാർക്കും പാഠ്യപദ്ധതിയിൽ വ്യത്യാസമുണ്ടാകും.
ലക്ഷ്യം
പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളുടെ മാനസികസമ്മർദം കുറയ്ക്കുക
കാര്യക്ഷമത,ആശയവിനിമയം, കല, ഉത്തരവാദിത്വം തുടങ്ങിയവ മെച്ചപ്പെടുത്തുക
ആത്മവിശ്വാസം,വ്യക്തി-പരിസരശുചിത്വം വളർത്തുക
ശ്രദ്ധ, വിമർശനാത്മക ചിന്ത, ആത്മാവിഷ്കാരം എന്നിവ വളർത്തുക
ആശയവിനിമയശേഷി, സന്തോഷമുള്ള വ്യക്തിത്വം എന്നിവയുള്ളവരാക്കി വിദ്യാർഥികളെ വാർത്തെടുക്കുക.
സിലബസ്
യോഗ, വ്യായാമം, വര, കഥപറച്ചിൽ,ലാഫിംഗ് ക്ലാസ്, വ്യക്തിത്വ വികസന ക്ലാസുകൾ, പ്രകൃതിയെക്കുറിച്ചും സാമൂഹിക ബോധത്തെക്കുറിച്ചുമുള്ള ക്ലാസുകൾ, മനസിലുള്ള എന്തിനെക്കുറിച്ചും തുറന്ന് സംസാരിക്കാം, പാട്ടും ഡാൻസും അടക്കം കഴിവുകൾ കാട്ടാം.
ടൈം ടേബിൾ
നഴ്സറി, കെ.ജി ക്ലാസുകൾക്ക് - ക്ലാസിന്റെ ആദ്യം ചെറിയ വ്യായാമം, ശേഷം കഥപറച്ചിൽ, വര, ലോകത്തിന് താഴെയുള്ള എന്തിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് സംസാരിക്കാം
ഒന്ന്, രണ്ട് ക്ലാസുകൾക്ക് - യോഗയ്ക്കും വ്യായാമമുറകൾക്കും പുറമെ, അവയുടെ ഫലം പ്രതിഫലിപ്പിക്കാൻ ചോദ്യോത്തരവേള, മാനസിക സംഘർഷം കുറയ്ക്കുന്ന വിനോദങ്ങൾ,
മൂന്നു മുതൽ എട്ടുവരെ ക്ലാസുകൾക്ക് - മുകളിൽ പറഞ്ഞിരിക്കുന്നവർക്ക് പുറമേ ആത്മവിശ്വാസം,വ്യക്തി - പരിസരശുചിത്വം വളർത്തുക ,ശ്രദ്ധ, വിമർശനാത്മക ചിന്ത, ആത്മാവിഷ്കാരം, സാമൂഹിക-വൈകാരികശേഷി എന്നിവ മെച്ചപ്പടുത്തുന്നതിനും സ്വയംപ്രകടനത്തിനും സ്വഭാവത്തിലെ മാറ്റങ്ങൾക്കനുസരിച്ചുമുള്ള വിവിധ പ്രവർത്തനങ്ങളാണ് പ്രാധാന്യം നൽകുക. ഒപ്പം വ്യത്യസ്ത ചുറ്റുപാടിൽ നിന്ന് വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കാൻ അദ്ധ്യാപകർക്ക് അവസരം ലഭിക്കും. കുട്ടിയെ പഠനത്തിന് കൂടുതൽ പാകപ്പെടുത്താനും ഇതിലൂടെ സാധിക്കും.
നേട്ടങ്ങൾ
സ്കൂൾ എന്നതൊരു പേടി സ്വപ്നമായിരുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ഇന്ന് അങ്ങനെയല്ല. പഠനം മറ്റേതൊരു വിനോദവും പോലെ ലളിതമാണെന്ന് ഡൽഹിയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികൾ പറയുന്നു. പഠന നിലവാരം മെച്ചപ്പെട്ടുവെന്ന് മാത്രമല്ല വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും കൂടി. വിദ്യാർത്ഥികളുമായി കൂടുതൽ അടുക്കാനും അവരെ കൂടുതൽ മനസിലാക്കാനും ഹാപ്പിനസ് ക്ലാസുകൾ ഉപകരിച്ചുവെന്ന് അദ്ധ്യാപകർ പറയുന്നു.