parliament

ന്യൂഡൽഹി:ലോക്‌സഭയിൽ ഡൽഹി കലാപത്തെച്ചൊല്ലിയുള്ള പ്രതിഷേധത്തിനിടെ സ്പീക്കറുടെ മേശയിൽ നിന്ന് കടലാസെടുത്ത് കീറിയെറിഞ്ഞ സംഭവത്തിൽ ഏഴ് കോൺഗ്രസ് എം.പിമാരുടെയും സസ്‌പെൻഷൻ സ്പീക്കർ ഓംബിർളയുടെ നേതൃത്വത്തിൽ ചേർന്ന സഭാകക്ഷിനേതാക്കളുടെ യോഗ ധാരണ പ്രകാരം പിൻവലിച്ചു. ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, രാജ്‌മോഹൻ ഉണ്ണിത്താൻ, ഗൗരവ് ഗോഗോയ് (അസം), മാണിക്കം ടാഗോർ (തമിഴ്‌നാട്), ഗുർജീത് സിംഗ് ഔജ്‌ല (പഞ്ചാബ്) എന്നിവരുടെ ബഡ്ജറ്റ് സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്കുള്ള സസ്‌പെൻഷൻ പിൻവലിക്കാൻ പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ മേഘ്‌വാൾ കൊണ്ടുവന്ന പ്രമേയം ലോക്സഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

സസ്പെൻഷൻ പുനഃപരിശോധിക്കണമെന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സഭ ആരംഭിച്ചയുടൻ കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ശിവസേന എന്നീ കക്ഷികളും പിന്തുണച്ചു. സഭയുടെ അന്തസ് എല്ലാ അംഗങ്ങളും കാത്തുസൂക്ഷിക്കണമെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

സഭയിലെ അനിഷ്ട സംഭവങ്ങൾ വ്യക്തിപരമായി ദുഃഖമുണ്ടാക്കിയതായി ഓംബിർള വ്യക്തമാക്കി. വിയോജിപ്പ് ജനാധിപത്യത്തിൽ ഒഴിവാക്കാനാകാത്തതാണ്. പക്ഷേ അത് പ്രകടിപ്പിക്കുന്നത് അന്തസുറ്റ നിലയിലായിരിക്കണം. പ്ലക്കാർഡുകൾ ഉയർത്തിയും കടലാസുകൾ കീറിയെറിഞ്ഞും മറ്റുമുള്ള പ്രതിഷേധം നല്ലതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ അംഗങ്ങൾ നടുത്തളത്തിലിറങ്ങില്ലെന്ന് നിരവധി കക്ഷിനേതാക്കൾ ഉറപ്പ് നൽകിയതായും അത് സന്തോഷകരമാണെന്നും അദ്ദേഹം പറ‌ഞ്ഞു.

സംഭവം ഇങ്ങനെ
മാർച്ച് അഞ്ചിന് ധാതു നിയമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്കിടെയാണ് ഗൗരവ് ഗോഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അംഗങ്ങൾ സ്പീക്കറുടെ മേശയിലെ കടലാസെടുത്ത് കീറി എറിഞ്ഞത്. ഇതിനെ തുടർന്ന് ഏപ്രിൽ മൂന്നുവരെ നീളുന്ന ബഡ്ജറ്റ് സമ്മേളനത്തിന്റെ അവശേഷിക്കുന്ന കാലയളവിലേക്ക് ഇവരെ സസ്പെൻഡ് ചെയ്യാൻ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവന്നു. ഇത് ശബ്ദവോട്ടോടെ ലോക്സഭ അംഗീകരിച്ചു. പാനൽ സ്പീക്കർ രമാദേവിയായിരുന്നു ആ സമയത്ത് ചെയറിൽ.