ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ കടന്നാക്രമണം നടത്തിയ പ്രതിപക്ഷം ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. ഇരകൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വൺ ചാനലിനും വിലക്കേർപ്പെടുത്തിയത് മാദ്ധ്യമസ്വാതന്ത്ര്യം തകർക്കുന്ന നടപടിയാണെന്ന് എൻ.കെ പ്രേമചന്ദ്രനും എ.എം ആരിഫും ചൂണ്ടിക്കാട്ടി.
അതേസമയം ആസൂത്രിത കലാപമാണ് അരങ്ങേറിയതെന്നും ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നും ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി പറഞ്ഞു.
കലാപം തടയുന്നതിൽ പരാജയപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കലാപത്തിൽ ഡൽഹി സർക്കാരിനും കേന്ദ്രസർക്കാരിനും ഉത്തരവാദിത്വമുണ്ട്. റോം നഗരം കത്തുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് അമിത് ഷായെന്നും അധീർരഞ്ജൻ ചൗധരി വിമർശിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയ്ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഡി.എം.കെ നേതാവ് ടി.ആർ ബാലു കലാപത്തിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
ഡൽഹി കലാപം ആസൂത്രിതമായ വംശഹത്യയാണെന്ന് തൃണമൂൽ അംഗം സൗഗത റോയ് ആരോപിച്ചു. പ്രധാനമന്ത്രിയിൽ മനുഷ്യത്വം അവശേഷിക്കുന്നില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീൻ ഒവൈസി വിമർശിച്ചു. ഡൽഹിയിൽ ചിലർ മനഃപ്പൂർവ്വം പൗരത്വ പ്രക്ഷോഭകർക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. അമിത് ഷാ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്നും ജുഡിഷ്യൽ അന്വേഷണവും ജെ.പി.സി അന്വേഷണവും പ്രഖ്യാപിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു.
ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന: അമിത് ഷാ
സ്വന്തംലേഖകൻ
ഡൽഹി പൊലീസിനെ അഭിനന്ദിച്ച് അമിത്ഷാ
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ലോക്സഭയിൽ കോൺഗ്രസ് വാക്കൗട്ട്
ന്യൂഡൽഹി: ഡൽഹി കലാപത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം പൊലീസ് അന്വേഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. കലാപ വിഷയത്തിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗൂഢാലോചനയില്ലാതെ ചെറിയ സമയം കൊണ്ട് കലാപം ഇത്രയും വ്യാപിക്കില്ല. കലാപത്തിന് സാമ്പത്തിക സഹായം ചെയ്ത ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മതമോ, ജാതിയോ, രാഷ്ട്രീയ പാർട്ടിയോ പരിഗണിക്കാതെ കുറ്റവാളികളെ ശിക്ഷിക്കും. 36മണിക്കൂറിനുള്ളിൽ കലാപം നിയന്ത്രണവിധേയമാക്കിയ ഡൽഹി പൊലീസിനെ അഭിനന്ദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം കലാപത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭയിൽ നിന്ന് വാക്കൗട്ട് നടത്തി.
കലാപത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് അമിത് ഷാ മറുപടി പ്രസംഗം നടത്തിയത്.
കലാപത്തിൽ മരിച്ചത് 52പേരാണ്. മതാടിസ്ഥാനത്തിൽ കണക്ക് പറയാൻ അഗ്രഹിക്കുന്നില്ല. മരിച്ചവരെല്ലാം ഇന്ത്യക്കാരാണ്. 700 എഫ്.ഐ.ആറുകൾ ഇതുവരെയെടുത്തു. 2,647 പേർ അറസ്റ്റിലായി. ഫേസ് ഐഡൻറിഫിക്കേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
സോഷ്യൽമീഡിയ വഴി വിദ്വേഷ പ്രചാരണം നടന്നു.
അറുപതോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഫെബ്രുവരി 22ന് ക്രിയേറ്റ് ചെയ്തു. ഈ അക്കൗണ്ടുകൾക്ക് പിന്നിലുള്ളവരെ പൊലീസ് കണ്ടെത്തും. സംഘങ്ങൾ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് ഉടൻ ലഭിക്കും.
മുൻനിശ്ചയിച്ച പ്രകാരമാണ് ഡൊണാൾഡ് ട്രംപിൻറെ പരിപാടിയിൽ പങ്കെടുത്തത്. അടുത്ത ദിവസം ട്രംപ് ഡൽഹി സന്ദർശിച്ചെങ്കിലും താൻ ഒരു ചടങ്ങിലും പങ്കെടുത്തിട്ടില്ല. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഡൽഹി പൊലീസിനൊപ്പം പ്രവർത്തിക്കുകയായിരുന്നു. തൻറെ സുരക്ഷയ്ക്കായി കൂടുതൽ പൊലീസുകാരെ വിനിയോഗിക്കപ്പെടുന്നത് ഒഴിവാക്കാനാണ് കലാപമേഖലകളിലെത്താതിരുന്നത്. ഉത്സവ സമയത്തെ പ്രകോപന സാഹചര്യം ഒഴിവാക്കാനാണ് ഹോളിക്ക് ശേഷം പാർലമെൻറിൽ ചർച്ച നടത്താമെന്ന നിലപാടെടുത്തതെന്നും അമിത് ഷാ പറഞ്ഞു.