ന്യൂഡൽഹി: കൊറോണ (കൊവിഡ് 19) ബാധ മൂലം കേന്ദ്ര സർക്കാർ ഇന്ത്യയിലേക്കുള്ള വിദേശികളുടെ സന്ദർശനം നിയന്ത്രിക്കാൻ ടൂറിസ്റ്റ് വിസകൾ റദ്ദാക്കിയതോടെ രാജ്യത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയുടെ വക്കിൽ. നാളെ മുതൽ ഏപ്രിൽ 15 വരെയാണ് വിലക്ക്.
വിദേശ വിനോദ സഞ്ചാരികൾ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യയിലേക്ക് എത്തുന്നത്. സംസ്ഥാനതലത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുകയും വിദേശികളെ രാജ്യത്തിലേക്ക് കടക്കുന്നത് വിലക്കുകയും ചെയ്യുന്നതോടെ വിനോദസഞ്ചാര മേഖല തകർച്ചയിലേക്ക് കൂപ്പ് കുത്തുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു.
വിനോദ സഞ്ചാര കപ്പലുകൾക്കും വിലക്ക്
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വിദേശ വിനോദ സഞ്ചാര കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ 31 വരെ താത്കാലിക വിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. തന്മൂലം നേരത്തെ ഷെഡ്യൂൾ ചെയ്ത സർവീസുകളെല്ലാം ദുബായ് ഉൾപ്പെടെ വിലക്കില്ലാത്ത തുറമുഖങ്ങളിലേക്ക് നീക്കുകയാണ് വിദേശ കപ്പലുകൾ. ഇതോടെ ക്രൂസ് ഷിപ്പുകളുടെ പ്രിയ കേന്ദ്രങ്ങളിലൊന്നായിരുന്ന കേരളത്തിന്റെ ടൂറിസം വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകും.
യാത്രാവിലക്കിൽ ഐ.പി.എല്ലും കുടുങ്ങും
ഐ.പി.എല്ലിന്റെ പതിമ്മൂന്നാം സീസൺ ഏപ്രിലിൽ നടക്കാനിരിക്കെ യാത്രാവിലക്കിൽ കുടുങ്ങുന്ന വിദേശികളിൽ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളും പെടുമോ എന്ന ആശങ്കയിലാണ് കായിക ലോകം. ടൂറിസ്റ്റ് വിസകളിലാണ് താരങ്ങൾ ഇന്ത്യയിലെത്തുന്നത്. പ്രത്യേകിച്ച് കൊറോണ കൂടുതൽ റിപ്പോർട്ട് ചെയ്‌ത സ്ഥലങ്ങളിലെ താരങ്ങളെ യാത്രാ വിലക്ക് കൂടുതൽ ബാധിക്കും. ഇന്ത്യയിൽ എത്തിയാൽ തന്നെ ചുരുങ്ങിയത് 14 ദിവസം പ്രത്യേകം മാറ്റിപ്പാർപ്പിക്കലടക്കം താരങ്ങളുടെ പ്രകടനത്തെ തന്നെ ബാധിച്ചെക്കാം.
യാത്രാവിലക്ക് പൂർണം
ടൂറിസറ്റ് വിസയിലെ വിലക്ക് ഒ.സി.ഐ കാർഡുള്ളവർക്കും ബാധകമാണ്. അടിയന്തര ആവശ്യങ്ങൾക്കായി ഇന്ത്യയിലെത്തേണ്ടവർ അതത് രാജ്യത്തെ ഇന്ത്യൻ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെടണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി 15 ന് ശേഷം വന്നവരെ ചുരുങ്ങിയത് 14 ദിവസം പ്രത്യേകം മാറ്റിപ്പാർപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.