nirbhaya

ന്യൂഡൽഹി: നിർഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതികളുമായി അഭിഭുഖം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മാദ്ധ്യമം ഡൽഹി ഹൈക്കോടതിയെ സമീപിപ്പിച്ചു. അഭിമുഖത്തിനായി തിഹാർ ജയിൽ അധികൃതരെയും പൊലീസിനെയും സമീപിച്ചെങ്കിലും തിരസ്‌കരിച്ചതിനെ തുടർന്നാണ് ഫെബ്രുവരി 27ന് അപേക്ഷയുമായി കോടതിയിലെത്തിയത്.

നിയമവ്യവസ്ഥയെയും സമൂഹത്തെയും കബളിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതികളെ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യമെന്താണെന്നാണ് കോടതി ആദ്യം ചോദിച്ചത്. ചെയ്ത ഹീന കൃത്യത്തിന് പ്രതികളുടെ വിശദീകരണം ആരായേണ്ട ആവശ്യം പോലുമില്ലെന്ന് കോടതി അറിയിച്ചു. എന്നാൽ ഭാവിയിൽ ഇത്തരമൊരു ക്രൂര കൃത്യം നടക്കാതിരിക്കാൻ ഈ അഭിമുഖം ആവശ്യമാണെന്നാണ് മാദ്ധ്യമത്തിന്റെ പക്ഷം. ഇതോടെ മാദ്ധ്യമത്തിന്റെ ആവശ്യം പരിഗണിക്കുന്നത് സംബന്ധിച്ച് തിഹാർ ജയിൽ അധികൃതരുടെ അഭിപ്രായം കോടതി ആരാഞ്ഞു.

യുക്തിസഹമായ തീരുമാനം വേണമെന്നാണ് ഇന്നലെ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജയിൽ അധികൃതർ ഇതിനോട് പ്രതികരിച്ചിട്ടില്ല. വിശദീകരണം നൽകാതെയാണ് തിഹാർ ജയിൽ അധികൃതർ തങ്ങളുടെ അപേക്ഷ നിരസിച്ചത് എന്നായിരുന്നു ഹർജിയിലെ വാദം.

ഏഴ് വർഷമായി തടവിലായ പ്രതികൾ ഒരിക്കൽ പോലും മാദ്ധ്യമങ്ങളോട് സംസാരിച്ചിട്ടില്ല.