ന്യൂഡൽഹി:ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗ നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിൽ സോണിയഗാന്ധി, കപിൽ മിശ്ര, വാരിസ് പത്താൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും ഡൽഹി സർക്കാരിനും ഡൽഹി പൊലീസ് കമ്മിഷണർക്കും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഒരാഴ്ചയ്‌ക്കകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ 712 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു. വിവിധ കേസുകളിലായി 200ലേറെ പേർ പിടിയിലായിട്ടുണ്ട്. നിലവിൽ ഡൽഹി പൂർണമായും സാധാരണ നിലയിലാണെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു. കലാപ കേസുകൾ പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ച് 20 ലേക്ക് മാറ്റി.