corona

ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഡൽഹിയിലെ സിനിമാ തിയേറ്ററുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും 31വരെ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉത്തരവിട്ടു. പ്രൈമറി സ്‌കൂളുകൾക്ക് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പരീക്ഷ നടക്കാത്ത ബാക്കി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അടയ്ക്കുന്നത്. എല്ലാ പൊതുസ്ഥലങ്ങളും കർശനമായി അണുവിമുക്തമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

 മന്ത്രിമാരുടെ വിദേശയാത്ര വിലക്കി പ്രധാനമന്ത്രി

കൊറോണ ബാധയുടെ പശ്‌ചാത്തലത്തിൽ കേന്ദ്രമന്ത്രിമാർ വിദേശയാത്ര നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്‌ക്കണമെന്നും കേന്ദ്രസർക്കാർ ജാഗ്രതയോടെ എല്ലാ നടപടികളും കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാർ കഴിയുന്നതും അതത് സ്ഥലങ്ങളിൽ തുടരണമെന്ന് വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചു.

 കൊറോണ നിയന്ത്രണവിധേയം

ഇന്ത്യയിൽ കൊറോണ വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. വിദേശത്ത് നിന്നെത്തിയവർക്കും അവരുമായി ഇടപഴകിയവർക്കും മാത്രമാണ് രാജ്യത്ത് ഇതുവരെ രോഗം കണ്ടെത്തിയത്. വാക്‌സിൻ തയ്യാറാവാൻ രണ്ടുവർഷമെങ്കിലുമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

കൊറോണ പരിശോധനയ്‌ക്കായി പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിനൊപ്പം രാജ്യത്തെ 51 ലബോറട്ടറികൾ സജ്ജമാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ ലോക്‌സഭയിൽ അറിയിച്ചു. സാമ്പിളുകൾ ശേഖരിക്കാൻ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ 56 കേന്ദ്രങ്ങളും തയ്യാറാക്കി.

 രാഷ്‌ട്രപതി ഭവൻ മ്യൂസിയം അടച്ചു

ഒരറിയിപ്പ് വരുന്നതുവരെ രാഷ്‌ട്രപതി മ്യൂസിയത്തിലും പ്രതിവാര ചേഞ്ച് ഒഫ് ഗാർഡ് സെറിമണിക്കും പൊതു ജനങ്ങൾക്ക് പ്രവേശമുണ്ടാകില്ലെന്ന് രാഷ്‌ട്രപതി ഭവൻ വൃത്തങ്ങൾ അറിയിച്ചു.

 ഇറാനിലേക്ക് വിമാനം

ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാൻ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂന്ന് വിമാനങ്ങൾ അയയ്‌ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മലയാളികൾ അടക്കം 6000 ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവരിൽ തീർത്ഥാടത്തിന് പോയവരെ ആദ്യം തിരികെ കൊണ്ടുവരുമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു.