സജീവ രാഷ്ട്രീയപ്രവർത്തകയായ അമ്മയെക്കുറിച്ചല്ല, വീടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ തിരക്കുമായി മുന്നോട്ടുപോകുന്ന അമ്മയാണ് ഓർമ്മയിൽ. ആ അമ്മയെ മാത്രമേ അറിയുള്ളൂ. സജീവ രാഷ്ട്രീയം വിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും രാജ്യത്തിനകത്തും പുറത്തുമുള്ള രാഷ്ട്രീയസംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തിരുന്നു അമ്മ.
അച്ഛന്റെ മരണശേഷം 1985 ൽ അമ്മ ഡൽഹിയിലേക്ക് വന്നു. നാട്ടിലെത്തിയത് പിന്നെ ഒന്നോ രണ്ടോ തവണ മാത്രം. ഗുഡ്ഗാവിലെ വീട്ടിൽ വായനയും മറ്റുമായി സ്വസ്ഥമായ വിശ്രമ ജീവിതം.
ആളുകളുമായുള്ള കൂടിക്കാഴ്ച വളരെ കുറവായിരുന്നു. ആരെയും കാണാനായി പുറത്തുപോകാറില്ല. വീട്ടിലെത്തുന്ന സുഹൃത്തുക്കളുമായി സംസാരിക്കും. കേരളത്തിൽ നിന്ന് ബന്ധുക്കൾ വരും.
പത്രങ്ങളും പുസ്തകങ്ങളുമായിരുന്നു പ്രധാനകൂട്ട്. അവസാനനാളുവരെയും വായന തുടർന്നു. മരിക്കുന്നതിന് പത്തുദിവസം മുൻപ് വരെയും പത്രം വായിക്കാൻ ശ്രമിച്ചു. അവസാനകാലത്ത് വായിക്കാനുള്ള ബുദ്ധിമുട്ട് അമ്മയെ വിഷമിപ്പിച്ചിരുന്നു.
രാജ്യത്തിനകത്തും പുറത്തുമുണ്ടാകുന്ന സംഭവങ്ങളെല്ലാം ശ്രദ്ധിച്ചു. ഇടതുപക്ഷത്തിന്റെ തുടർച്ചയായ പരാജയത്തിലും വലതുപക്ഷത്തിന്റെ ഭയപ്പെടുത്തുന്ന നിലയിലുള്ള വളർച്ചയിലും കടുത്ത നിരാശയുണ്ടായിരുന്നു. എങ്കിലും ഇടതുപക്ഷത്തിന്റെ ശക്തിയിലുള്ള വിശ്വാസം എപ്പോഴും സൂക്ഷിച്ചിരുന്നു. അവസാനശ്വാസം വരെയും ഇടത് ആശയങ്ങൾക്കൊപ്പം ഉറച്ചുനിന്നു.
കോൺഗ്രസാണ് രാജ്യത്തെ പരാജയപ്പെടുത്തിയത്. അതുകൊണ്ടാണ് ബി.ജെ.പി ഈ നിലയിൽ വളർന്നതെന്ന് ഒരിക്കൽ പറഞ്ഞു. രാജ്യത്തിന്റെ വിനാശം കാണാൻ അധികകാലം ഞാൻ ഉണ്ടാവില്ല എന്നതാണ് ആശ്വാസമെന്ന് ബി.ജെ.പിയുടെ വിജയശേഷം അമ്മ പറഞ്ഞു. ഇടതുപക്ഷത്തിന് അവസരങ്ങളുണ്ടായിരുന്നെങ്കിലും അത് ഉപയോഗിക്കാൻ കഴിയാതെ പോയെന്നും പുതിയ ആളുകളെ ആകർഷിക്കുന്നതരത്തിലായിരുന്നില്ല ഇടതുപക്ഷത്തിന്റെ ഭാഷയെന്നും അമ്മ പറഞ്ഞിരുന്നു. യാഥാർത്ഥ്യത്തിൽ നിന്ന് അകന്ന് പൂർണമായും മറ്റൊരു ലോകത്തായിരുന്നു ഇടതുപക്ഷമെന്നും അമ്മ വിശ്വസിച്ചു.
യുവതലമുറയിൽ കനയ്യകുമാറിനെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. കനയ്യ സി.പി.ഐയോടൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടായിരുന്നു. യാഥാർത്ഥ്യബോധമുള്ള കനയ്യയെപോലുള്ള യുവനേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്ന് അമ്മ പറയുമായിരുന്നു.
വിവാഹശേഷം രാഷ്ട്രീയം വിട്ടു
അന്തരിച്ച സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന എം.എൻ. ഗോവിന്ദൻ നായരുടെ ഭാര്യയായ ദേവകി പണിക്കർ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും പ്രഭാഷകയുമായിരുന്നു. ചരിത്രകാരനും നയതന്ത്രജ്ഞനും രാജ്യസഭാംഗവുമായിരുന്ന സർദാർ കെ.എം പണിക്കരുടെ മകൾ. ഓക്സ്ഫോഡിൽ നിന്ന് ഉന്നതവിദ്യാഭ്യാസം. അച്ഛനൊപ്പം ചൈനയിലെത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി അടുത്തു. ഡൽഹിയിൽ മടങ്ങിയെത്തിയ ദേവകി പണിക്കർ എ.കെ.ജിക്കൊപ്പം കേരളത്തിലെത്തി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. പുതിയ ചീന എങ്ങോട്ട് എന്ന പ്രഭാഷണ പരമ്പരയുമായി സംസ്ഥാനത്തുടനീളം സന്ദർശിച്ചു. പാർട്ടി പ്രവർത്തനത്തിനിടെ എം.എന്നുമായി പരിചയപ്പെട്ടു. വിവാഹ ശേഷം സജീവ രാഷ്ട്രീയം വിട്ടു. എം.എന്നിന്റെ മരണശേഷം മകൾ അംബികയ്ക്കൊപ്പം ഡൽഹിയിലേക്ക് താമസം മാറ്റി.
(സുപ്രീംകോടതിയിലെ മുൻ അഭിഭാഷകയാണ് ലേഖിക )