ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടിയുടെ അച്ഛന്റെ കസ്റ്റഡി മരണക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബി.ജെ.പി മുൻ എം.എൽ.എ കുൽദീപ് സിംഗ് സെൻഗാർ, സഹോദരൻ അതുൽ സെൻഗാർ എന്നിവർ ഉൾപ്പെടെ ഏഴുപേരെ പത്തു വർഷം തടവിന് ഡൽഹി തീസ് ഹസാരി കോടതി ശിക്ഷിച്ചു. സെൻഗാറും അതുലും പത്തു ലക്ഷം രൂപ വീതം പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം.
ഉന്നാവിലെ മാഖി പൊലീസ് സ്റ്റേഷൻ ചുമതലയുണ്ടായിരുന്ന അശോക് സിംഗ് ബദൗരിയ, എസ്.ഐ കെ.പി. സിംഗ്, വിനീത് മിശ്ര, ബീരേന്ദ്ര സിംഗ്, ശശി പ്രതാപ് സിംഗ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. ഉന്നാവ് പീഡനക്കേസിൽ മരണംവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് സെൻഗാർ. സെൻഗറിനെ ഉത്തർപ്രദേശ് നിയമസഭയിൽ നിന്ന് ഫെബ്രുവരി 25ന് അയോഗ്യനാക്കിയിരുന്നു.
മൂന്നു പെൺകുട്ടികൾ ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളുള്ള കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇല്ലാതായതെന്നും ദയ അർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്തതെന്നും ശിക്ഷ വിധിച്ച ജില്ലാ ജഡ്ജി ധർമ്മേഷ് ശർമ്മ നിരീക്ഷിച്ചു. പെൺകുട്ടിയുടെ കുടുംബം സ്വന്തം നാട്ടിൽ നിന്ന് പിഴുതെറിയപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പെൺകുട്ടിയുടെ പിതാവിനെ ചികിത്സിക്കുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ യു.പി സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.
2018 ഏപ്രിൽ 9നാണ് പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ആയുധ നിയമപ്രകാരമുള്ള കേസിൽ കസ്റ്റഡിയിലെടുത്ത് പൊലീസ് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് കോടതി കണ്ടെത്തി. ഏഴു പ്രതികളും കുറ്റക്കാരാണെന്ന് മാർച്ച് നാലിനാണ് കോടതി വിധിച്ചത്. സംശയത്തിന്റെ ആനുകൂല്യം നൽകി കോൺസ്റ്റബിൾ അമീർ ഖാൻ, ശൈലേന്ദ്ര സിംഗ്, രാംശരൺ സിംഗ്, ശരദ്‌വീർ സിംഗ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു.