high-court-

ന്യൂഡൽഹി: മതംമാറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ. പി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാദ്ധ്യായ നൽകിയ ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. മതവിശ്വാസം വ്യക്തിപരമാണെന്നും ഏതെങ്കിലും മതത്തിലേക്ക് മാറണോ വേണ്ടയോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ചീഫ്ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്റ്റിസ് സി.ഹരിശങ്കർ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

എങ്ങനെയാണ് മതംമാറ്റം തങ്ങൾ നിയന്ത്രിക്കേണ്ടതെന്ന് ചോദിച്ച കോടതി, ഒരാളെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ അത് ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങി മതംമാറേണ്ട കാര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി. തുടർന്ന് അശ്വനികുമാർ ഉപാദ്ധ്യായ ഹർജി പിൻവലിച്ചു.

പട്ടികവിഭാഗങ്ങൾ ഉൾപ്പെടെ സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നിൽക്കുന്നവരെ ഇരുപത് വർഷമായി ഭീഷണിപ്പെടുത്തിയും പണം ഉൾപ്പെടെ നൽകി പ്രലോഭിപ്പിച്ചും നിരവധി എൻ.ജി.ഒകളും സ്ഥാപനങ്ങളും കൂട്ട മതംമാറ്റം നടത്തുകയാണെന്ന് അശ്വനികുമാർ ഉപാദ്ധ്യായ ഹർജിയിൽ ആരോപിച്ചു. 2001ൽ 86 ശതമാനമുണ്ടായിരുന്ന ഹിന്ദുമതസ്ഥർ 2011ൽ 79 ശതമാനമായി ചുരുങ്ങി. നിർബന്ധിത മതംമാറ്റത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നും ഹർജിയിൽ പറഞ്ഞു.