ന്യൂഡൽഹി: കേരളത്തിലെ റെയിൽവേ വികസനത്തിന് വെല്ലുവിളി സ്ഥലം ഏറ്റെടുക്കലാണെന്നും റെയിൽവേ വികസനത്തിൽ കേരളത്തെ അവഗണിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ലോക്സഭയിൽ റെയിൽവെ ബഡ്ജറ്റ് ചർച്ചയിൽ കേരള എം.പിമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്ഥലം ഏറ്റെടുത്ത് നൽകിയാൽ പദ്ധതികൾ നടപ്പാക്കാമെന്ന് റെയിൽവേ ഉറപ്പ് നൽകിയതാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന് നിരവധി കത്തുകളയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ കത്തുകളുടെ പകർപ്പും അദ്ദേഹം ഉയർത്തിക്കാട്ടി.
1999 ൽ വാജ്പേയി സർക്കാരാണ് അങ്കമാലി ശബരി പാത ആവിഷ്‌ക്കരിച്ചതെന്നും കേന്ദ്രസർക്കാരിന് തങ്ങളുടെ സമുന്നത നേതാവായ വാജ്‌പേയിയോട് ബഹുമാനം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ സ്‌മരണാർത്ഥമെങ്കിലും ആ പാത പൂർത്തീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ശബരിമല തീർഥാടകർ ഏറ്റവുമധികം ഉപയോഗിക്കുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
അങ്കമാലി-ശബരി പാത കേന്ദ്ര സർക്കാർ തന്നെ പൂർത്തീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പിയും ആവശ്യപ്പെട്ടു. കേരളം 50 ശതമാനം തുക വകയിരുത്താതെ കേന്ദ്രം തയ്യാറാകില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി പീയൂഷ് ഗോയൽ മുഖ്യമന്ത്രിക്കയച്ച കത്തും, സാമ്പത്തിക ബാദ്ധ്യത മൂലം ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണെന്ന സംസ്ഥാനത്തിന്റെ നിലപാടും ആണ് പദ്ധതി മുന്നോട്ട് പോകാത്തതെന്നും ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാണിച്ചു.
മുടങ്ങിയ റെയിൽവേ പദ്ധതികൾ പൂർത്തിയാക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അടൂർ പ്രകാശ് എം.പി കുറ്റപ്പെടുത്തി. വർക്കല ശിവഗിരി സ്റ്റേഷൻ വികസനം, ചിറയിൻകീഴിലും, കടയ്‌ക്കാവൂരും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, വർക്കല - വാരണാസി പുതിയ ട്രെയിൻ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന് വഴി തുറക്കുന്നതാണ് ഈ വർഷത്തെ ബഡ്ജറ്റ് നിർദ്ദേശങ്ങളെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. 150 പാസഞ്ചർ ട്രെയിൻ സർവീസുകൾ പൊതു-സ്വകാര്യ സംയുക്ത പങ്കാളിത്തതോടെ ഈ വർഷം ആരംഭിക്കാനുളള നീക്കം ഇതിന്റെ ഭാഗമാണ്.
ഭിന്നശേഷിക്കാരുടെ കോച്ചുകൾ ട്രെയിനുകകളിൽ നിന്ന് ഒഴിവാക്കുന്നത് മനുഷ്യത്വരഹിതമാണെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.