corona-train

ന്യൂഡൽഹി: രാജ്യത്ത് രണ്ട് പേർ മരിക്കുകയും 84 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതിന് പിന്നാലെ കൊറോണയെ കേന്ദ്രസർക്കാർ ദുരന്തമായി പ്രഖ്യാപിച്ചു. മാരകരോഗം നിയന്ത്രിക്കാൻ കൂടുതൽ ഊർജിതമായി പരിശ്രമിക്കാനുള്ള നടപടിയാണിത്.

അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം ഇറക്കിയ സർക്കുലർ പിൻവലിച്ചു. എന്നാൽ,​ കൊറോണ ബാധിതരുടെ ചികിത്സ, താമസം, ആഹാരം തുടങ്ങിയ ചെലവുകൾ ഈ ഫണ്ടിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട്.

സംസ്ഥാനങ്ങൾ ചെയ്യേണ്ടത്

അടിയന്തര പരിശോധനാ കേന്ദ്രങ്ങൾ ഒരുക്കൽ, ആശുപത്രിയിൽ സൗകര്യം വ‌ർദ്ധിപ്പിക്കൽ, പൊലീസ്, തദ്ദേശ അധികൃതർ, മെഡിക്കൽ അധികൃതർ എന്നിവ‌ർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകൽ എന്നിവയുടെ ചെലവുകൾ വഹിക്കണം

ഈ തുക വാർഷിക ഫണ്ടിന്റെ പത്ത് ശതമാനത്തിൽ കൂടരുത്. ദേശീയ ആരോഗ്യ മിഷനിൽ നിന്ന് സഹായം തേടാം

 രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്ന നാലായിരത്തിലേറെ പേർക്ക് സംരക്ഷണം ഒരുക്കണം

പുതിയ കേസില്ല, എങ്കിലും ജാഗ്രത

കണ്ണുവെട്ടിക്കുന്നവരെ പിടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് നേരിയ ആശ്വാസം പകർന്ന് ഇന്നലെ എവിടെയും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തില്ല. എങ്കിലും ജാഗ്രത കർശനമാക്കുമെന്നും നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങിയതായും ഉന്നതതല അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈറസ് ബാധിച്ച 19 പേർ ആശുപത്രികളിലാണ്. ഇന്നലെ 106 പേരെ കൂടി ആശുപത്രികളിൽ നിരീക്ഷണത്തിലാക്കി.

വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തി കണ്ണുവെട്ടിച്ച് മുങ്ങുന്നവരെ പിടിക്കാൻ പരിശോധന കർശനമാക്കി. വിമാനത്താവളങ്ങളിൽ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും വോളന്റിയർമാരും അടങ്ങുന്ന മൂന്നംഗ ടീമുകളായി യാത്രക്കാരെ പരിശോധിക്കും. ഇപ്പോൾ ഒരു ടീം മാത്രമാണുള്ളത്. യാത്രക്കാരുടെ തിരക്ക് കാരണമാണ് കൂടുതൽ ടീമുകളെ നിയോഗിക്കുന്നത്.

ട്രെയിനുകളിലും പരിശോധന കർശനമാക്കും. റോഡ് യാത്രക്കാരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 24 കേന്ദ്രങ്ങളിൽ പരിശോധിക്കും. എല്ലാ ജില്ലയിലും കൂടുതൽ സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകും. നിരീക്ഷണത്തിലുള്ളവർ താമസിക്കുന്ന വീടുകളുമായി ഇവർ നിരന്തരം ബന്ധപ്പെട്ട് ഭക്ഷണം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കണം.

കൊറോണ കെയർ സെന്ററുകൾ

നാല് വിമാനത്താവളങ്ങൾക്ക് സമീപം കൊറോണ കെയർ സെന്ററുകൾ തുറക്കും. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന വിദേശികളെയും അയൽ സംസ്ഥാനക്കാരെയും ഈ സെന്ററുകളിൽ 14 ദിവസം പാർപ്പിച്ച് സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്‌ക്കും. ഫലം പോസിറ്റീവാണെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. വിമാനത്താവളങ്ങൾക്ക് സമീപമുള്ള ആശുപത്രികൾ, പൂട്ടിക്കിടക്കുന്ന ഹോട്ടലുകൾ, മറ്രു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് കെയർ സെന്റർ ഒരുക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന കേരളീയരെ വീടുകളിലാണ് നിരീക്ഷണത്തിൽ പാർപ്പിക്കുന്നത്.

നിരീക്ഷണത്തിൽ 7677 പേർ

വീടുകളിൽ 7375 പേർ

ആശുപത്രികളിൽ 302പേർ