fuel

ന്യൂഡൽഹി:രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ സാമ്പത്തിക കമ്മി മറികടക്കാൻ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ കൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.

എക്‌സൈസ് തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമാണ് വർദ്ധിപ്പിച്ചത്.

ഇതോടെ എക്‌സൈസ് തീരുവ പെട്രോളിന് ലിറ്ററിന് എട്ടുരൂപയും ഡീസലിന് ലിറ്ററിന് നാലുരൂപയുമായി. പെട്രോളിനും ഡീസലിനുമുള്ള റോഡ് സെസ് ലിറ്ററിന് പത്തുരൂപയാകും.

ഇതോടെ കേന്ദ്ര നികുതി പെട്രോളിന് 22.98രൂപയും ഡീസലിന് 18.83 രൂപയുമാകും.

വർദ്ധന വഴി കേന്ദ്ര സർക്കാർ 39,000 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ശേഷിക്കുന്ന മൂന്നാഴ്ചയിൽ മാത്രം 2,000 കോടി അധികം ലഭിക്കും.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്നു പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോൾ. എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചതിനാൽ അതിന്റെ ആനുകൂല്യം ഇന്ത്യയിൽ ഉപഭോക്താക്കൾക്ക് കിട്ടില്ല. ക്രൂഡോയിൽ വിലയിടിവ് മൂലമുണ്ടായ ഇന്ധന വിലക്കുറവുമായി,​ ഈ നികുതി വർദ്ധന തട്ടിക്കിഴിച്ച ശേഷമാണ്,​ എണ്ണക്കമ്പനികൾ ഇന്ധന വില നിർണയിക്കുക.

ജനുവരി ഒന്നിന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 61.18 ഡോളറായിരുന്നു. ഇന്നലത്തെ വില 31.73 ഡോളറാണ്. ഇക്കാലയളവിൽ പെട്രോളിനും ഡീസലിനും ഇന്ത്യയിൽ ആറു രൂപയോളം കുറഞ്ഞിട്ടുണ്ട്. ഈ വിലക്കുറവാണ്,​ നികുതി വർദ്ധനയുമായി എണ്ണക്കമ്പനികൾ തട്ടിക്കിഴിച്ചത്. ഫലത്തിൽ,​ ക്രൂഡ്വില 50 ശതമാനത്തോളം ഇടിഞ്ഞതിന്റെ നേട്ടം ലഭിക്കില്ല. എക്‌സൈസ് നികുതി കൂട്ടിയില്ലായിരുന്നെങ്കിൽ,​ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയോളം കുറയുമായിരുന്നു.

2014ൽ മോദി സർക്കാർ അധികാരമേൽക്കുമ്പോൾ പെട്രോളിന് 9.48രൂപയും ഡീസലിന് 3.56രൂപയുമായിരുന്നു നികുതി.

2014 നവംബറിനും 2016 ജനുവരിക്കും ഇടയിൽ നികുതി വർദ്ധിപ്പിച്ചത് 9 തവണ.

നികുതി വർദ്ധനയിലൂടെ 2014-15ൽ 99,000 രൂപയും 2016-17ൽ 2,42,000 രൂപയും അധിക വരുമാനമുണ്ടായി.

2017ൽ ലിറ്ററിന് രണ്ടുരൂപയും 2018ൽ ലിറ്ററിന് 1.50രൂപയും നികുതി കുറച്ചു. 2019 ജൂലായിൽ രണ്ടു രൂപ കൂട്ടി.