mobile-phone

ന്യൂഡൽഹി: നികുതി ഏകീകരിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോൺ ജി.എസ്.ടി 12ൽ നിന്ന് 18 ശതമാനമാക്കി. ഏപ്രിൽ ഒന്നു മുതൽ ഫോൺ വില കൂടും. ഇന്നലെ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. തീപ്പെട്ടിക്കൊള്ളിയുടെ ജി.എസ്.ടി 12 ശതമാനമായി ഏകീകരിച്ചു. ചെരുപ്പ്, തുണി, വളം എന്നിവയുടെ നികുതി വർദ്ധിപ്പിക്കുന്നത് പിന്നീട് പരിഗണിക്കാൻ മാറ്റി. കൊറോണ ഭീതിക്കൊപ്പം വിലക്കയറ്റവും അടിച്ചേൽപ്പിക്കരുതെന്ന് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ ആവശ്യപ്പെതിനെ തുടർന്നാണിത്.

മൊബൈൽ ഫോൺ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾക്ക് 18 ശതമാനവും ഫോണിന് 12 ശതമാനവുമാണ് നിലവിലെ സ്ളാബ്. കൂടുതൽ ഈടാക്കുന്ന തുക കേന്ദ്ര സർക്കാരിന് തിരിച്ചു നൽകേണ്ടി വരുന്നത് കണക്കിലെടുത്താണ് ജി.എസ്.ടി ഏകീകരിച്ചത്. കൊറോണ ബാധ മൂലം ചൈനയിൽ നിന്ന് അസംസ്‌കൃത വസ്‌തുക്കളുടെ വരവ് നിലച്ചത് മൊബൈൽ ഫോൺ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന സൂചനകൾക്കിടെയാണ് നികുതി വർദ്ധനയുടെ പ്രഹരം.

കൈകൊണ്ട് നിർമ്മിക്കുന്ന തീപ്പെട്ടിക്കൊള്ളിയുടെ ജി.എസ്.ടി അഞ്ച് ശതമാനവും യന്ത്ര സഹായത്താൽ നിർമ്മിക്കുന്നവയുടേത് 18 ശതമാനവുമായിരുന്നു. ഇതാണ് 12 ശതമാനമായി ഏകീകരിച്ചത്.

12-18 ശതമാനം ജി.എസ്.ടി നൽകി വാങ്ങുന്ന അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വളത്തിന് അഞ്ച് ശതമാനം മാത്രം നികുതി ഈടാക്കുന്നതിനാൽ നിർമ്മാതാക്കൾക്ക് 6100 കോടിയോളം രൂപ കേന്ദ്ര സർക്കാരിന് നൽകേണ്ടി വരുന്നു. അതിനാൽ നികുതി കൂട്ടണമെന്നായിരുന്നു ജി.എസ്.ടി ഉപസമിതിയുടെ നിർദ്ദേശം. ആയിരം രൂപയിൽ താഴെ വിലയുള്ള ചെരുപ്പുകൾക്ക് അഞ്ച് ശതമാനമാണ് നിലവിൽ ജി.എസ്.ടി. ഇത് 12 ശതമാനമാക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു.

ജി.എസ്.ടി സോഫ്‌റ്റ്‌വെയറിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് യോഗത്തിൽ ഇൻഫോസിസ് വിദഗ്‌ദ്ധർ അറിയിച്ചു. സർവർ ശേഷി കൂട്ടാൻ ചൈനയിൽ നിന്ന് അനുബന്ധ സാമഗ്രികൾ വരുത്തേണ്ടതുണ്ട്.

റിട്ടേൺ ജൂൺ 30 വരെ

അഞ്ചു കോടി രൂപയിൽ താഴെ വരുമാനമുള്ള സംരംഭങ്ങൾക്ക് വാർഷിക റിട്ടേൺ സമർപ്പിക്കാനുള്ള സമയം ജൂൺ 30 വരെ നീട്ടി. രണ്ടു കോടിയിൽ താഴെ വരുമാനമുള്ളവർ റിട്ടേൺസ് വൈകിയാൽ പിഴ നൽകേണ്ട.