gst

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജി.എസ്.ടി നഷ്‌‌ടപരിഹാര കുടിശിക നൽകുന്ന കാര്യം ആലോചിക്കാൻ പാർലമെന്റ് സമ്മേളനത്തിന് ശേഷം പ്രത്യേക യോഗം വിളിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി യോഗത്തിൽ പങ്കെടുത്ത ശേഷം വാർത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

സെസ് പിരിച്ച ശേഷം മാത്രമേ കുടിശിക നൽകൂ എന്ന നിലപാടിൽ നിന്ന് കേന്ദ്രം അയയുന്നതിന്റെ സൂചനയുണ്ട്. കേന്ദ്രത്തിന്റെ അനുകൂല നിലപാട് പരിഗണിച്ച് നിയമ നടപടികളിൽ നിന്ന് കേരളം പിൻവാങ്ങുകയാണ്.

സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന കൊറോണ ഭീതി കണക്കിലെടുത്ത് കേരളത്തിന് ലഭിക്കാനുള്ള നഷ്‌ടപരിഹാര തുകയായ 3000 കോടിയിൽ കുറച്ചെങ്കിലും നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞെന്നും തോമസ് ഐസക് പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ പിടിച്ചു നിൽക്കാൻ വായ്പാ പരിധി വർദ്ധിപ്പിച്ചാലും മതിയാകും. നഷ്‌ടപരിഹാര കുടിശിക വായ്പാ തിരിച്ചടവായി ബാങ്കിന് നേരിട്ട് നൽകാം. നിലവിൽ കേന്ദ്രം കൊറോണയെ നേരിടാനുള്ള സാങ്കേതിക ഉപദേശം മാത്രമാണ് നൽകുന്നത്.

കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ ജനുവരി മുതൽ വർദ്ധനയുണ്ടായെങ്കിലും സംസ്ഥാനത്ത് കുറയുകയാണ് ചെയ്‌തത്. കൊറോണ ഭീതിയെ തുടർന്ന് ടൂറിസം മേഖല നിശ്‌ചലമായി. ജനം യാത്ര കുറച്ചു. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ് കടയിൽ പോകുന്നത്. ഇത് നികുതി വരുമാനത്തെ ബാധിച്ചു. കൊറോണ ബാധയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലും മറ്റും തൊഴിൽ അവസരങ്ങൾ കുറയുന്നതും കേരളത്തെ പ്രതികൂലമായി ബാധിക്കും.