corona

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഏപ്രിൽ മൂന്നിന് നടത്താനിരുന്ന പദ്മ പുരസ്കാര വിതരണ ചടങ്ങ് കേന്ദ്ര സർക്കാർ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.പ്രതിദിനം 12 ലക്ഷം ജനങ്ങളെ എയർപോർട്ടുകളിൽ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ യാവത്ത്മാലിൽ രണ്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് തിരിച്ചു വന്ന രണ്ട് പേ‌ർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പൊതു അവധി പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഐസൊലേഷൻ ക്യാമ്പിൽ നിന്ന് ചാടിപ്പോയ നാല് പേരെ ഹരിയാനയിൽ നിന്ന് കണ്ടെത്തി.

 ഇറ്റലി സന്ദർശിച്ച ഹൈദരാബാദ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു

ഹോളി അവധിയ്‌ക്ക് ശേഷം നാളെ തുറക്കുന്ന സുപ്രീകോടതിയിൽ വരുന്ന ഒരാഴ്ച അടിയന്തരപ്രാധാന്യമുള്ള 75ൽ താഴെ കേസുകൾ മാത്രം ഒരു ദിവസം പരിഗണിച്ചാൽ മതിയെന്ന് നി‌ർദേശം.

ഇന്ത്യയിലെ അമേരിക്കൻ എംബസി വിസ അപ്പോയ്മെൻ്റുകൾ 16 വരെ നിറുത്തിവച്ചു.

ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനം ഇന്നലെ രാത്രിയോടെ മുംബയിലെത്തി.

ഇറ്റലിയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പ്രത്യേക എയർ ഇന്ത്യ വിമാനം ഇന്നലെ രാത്രി ഇന്ത്യയിൽ നിന്നും യാത്രതിരിച്ചു.

ഡൽഹി തീഹാർ ജയിലിലെ അന്തേവാസികളെ കൊറോണ വൈറസ് ബാധ പരിശോധനയ്ക്ക് വിധേയമാക്കി. ജയിലിനുള്ളിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കി.

പശ്ചിമ ബംഗാളിൽ മാർച്ച് 31 വരെ പൊതു അവധി. ഭൂട്ടാനുമായുള്ള അതിർത്തി അടച്ചു.

രാജസ്ഥാനിലും ഗോവയിലും മാർച്ച് 30 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ബ്, സ്വകാര്യ ബീച്ചുകൾ, ആഡിറ്റോറിയങ്ങൾ, മാളുകൾ, പാർക്കുകൾ, തിയേറ്ററുകൾ, വൻകിട റസ്റ്റോറന്റുകൾ തുടങ്ങിയവ അടച്ചു.

രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കൽബുർഗിയിൽ കർണാടക സർക്കാർ കനത്ത ജാഗ്രതയിൽ. രോഗം ബാധിച്ച് മരിച്ചയാളുമായി നേരിട്ട് ഇടപഴകിയ 130 പേർ നിരീക്ഷണത്തിൽ. മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ അഭിമുഖം എടുത്ത മൂന്ന് ചാനൽ റിപ്പോർട്ടർമാരും കാമറമാനും നിരീക്ഷണത്തിൽ. കൽബുർഗിലേക്കുള്ള റോഡുകൾ അടച്ചുള്ള നിയന്ത്രണം തുടരുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംസ്ഥാനത്ത് കുടുങ്ങിയ നാന്നൂറോളം മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിച്ചു. ആഡിറ്റോറിയങ്ങൾ, മാളുകൾ, പാർക്കുകൾ, തിയേറ്ററുകൾ, വൻകിട റസ്റ്റോറന്റുകൾ, പബ്ബുകൾ എന്നിവയെല്ലാം പൂട്ടി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.ഐസൊലേഷനിൽ നിന്ന് ചാടി ഡൽഹി വരെ ട്രെയിനിൽ സഞ്ചരിച്ച ബംഗളൂരു സ്വദേശിനിയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇൻഫോസിസിന്റെ ബെംഗളൂരുവിലെ ഓഫീസ് അടച്ചു ഐ.ടി. ജീവനക്കാർ വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം.ഓഫീസും പരിസരവും അണുവിമുക്തമാക്കാനും നിർദേശം.

മാർച്ച് 15 മുതൽ മാർച്ച് 17 വരെ ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ആർ.എസ്‍.എസിന്റെ വാർ‌ഷിക യോ​ഗം അഖില ഭാര​തീയ പ്രതിനിധി സഭ റദ്ദാക്കി.

കൊറോണയ്‌ക്കെതിരെ ഗോമൂത്ര പാർട്ടി

കൊറോണയെ നേരിടാൻ ഡൽഹിയിലെ മന്ദിർ മാർഗിലുള്ള അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസിൽ ഗോമൂത്ര പാർട്ടി നടത്തി ഹിന്ദുമഹാസഭ. ഗോമൂത്രമായിരുന്നു പ്രധാന വിഭവം. ഗോമൂത്രത്തിന്റെ ഗുണങ്ങളെക്കുറിച്ചും കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് നേരിടാമെന്നുമുള്ള വിവരം കൂടുതൽ പേരിൽ എത്തിക്കാൻ ഇത്തരത്തിലുള്ള സത്കാര പരിപാടികൾ കൂടുതലായി സംഘടിപ്പിക്കുമെന്നും ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജ് പറഞ്ഞു. പശുവിൽ നിന്നുള്ള ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയിലൂടെ കൊറോണയെ തുരത്താമെന്നാണ് ഹിന്ദു മഹാസഭയുടെ വാദം.മാംസം ഭക്ഷിക്കുന്നവരെ ശിക്ഷിക്കാൻ വന്ന അവതാരമാണ് കൊറോണ വൈറസെന്ന ചക്രപാണി മഹാരാജ് നേരത്തെ പറഞ്ഞിരുന്നു.