ന്യൂഡൽഹി: കടബാദ്ധ്യതയെ തുടർന്ന് പ്രതിസന്ധിയിലായ യെസ് ബാങ്കിനെ രക്ഷിക്കാനുള്ള കേന്ദ്രസർക്കാരിന്റെ പുനരുദ്ധാരണ പാക്കേജ് വിജ്ഞാപനം പുറത്തിറങ്ങി. 13ന് വെള്ളിയാഴ്ച രാത്രി ഇറങ്ങിയ വിജ്ഞാപനം പ്രകാരം മാർച്ച് 18ന് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കും. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും.
എസ്.ബി.ഐ 49 ശതമാനം ഓഹരികളും ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവ ബാക്കി ഓഹരികളും ഏറ്റെടുത്താണ് യെസ് ബാങ്കിന് പുതുജീവൻ നൽകുക. എസ്.ബി.ഐ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രശാന്ത് കുമാർ സി.ഇ.ഒയും സുനിൽ മെഹ്ത നോൺ എക്സിക്യൂട്ടീവ് ചെയർമാനും മഹേഷ് കൃഷ്ണമൂർത്തി, അതുൽ ഭേഡ എന്നിവർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരുമായ പുതിയ ഭരണ സമിതി ഒരാഴ്ചയ്ക്കുള്ളിൽ ചുമതലയേൽക്കും.