ന്യൂഡൽഹി: പുതുതായി 23 പേർക്കുകൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 108 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽപേർക്ക് രോഗബാധ.31. മഹാരാഷ്ട്രയിൽ പുതുതായി 17 പേർക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസ്ഥാനത്തെ സാഹചര്യം ചർച്ചചെയ്തു. മാർച്ച് 31 വരെ സംഘമായുള്ള വിദേശ, ആഭ്യന്തര വിനോദ യാത്രകൾക്ക് മുംബൈ പൊലീസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂട്ടമായുള്ള വിനോദയാത്ര സംഘടിപ്പിക്കരുതെന്ന് ടൂർ ഓപ്പറേറ്റർമാർക്ക് നിർദേശം നൽകി. മുംബയ് മൃഗശാല അടച്ചു. നാഗ്പുരിൽ മാളുകൾ അടച്ചു. ഷിർദി സന്ദർശനം ഒഴിവാക്കണമെന്ന് ട്രസ്റ്റ് അധികൃതർ ഭക്തരോട് അഭ്യർത്ഥിച്ചു.
- ഇറാനിൽ നിന്ന് ഇന്നലെയെത്തിച്ച 234 ഇന്ത്യക്കാരെയും രാജസ്ഥാനിലെ ജയ്സാൽമീറിലുള്ല ആർമി വെൽനെസ് സെൻററിലേക്ക് മാറ്റി. ഇവരിൽ 131 പേർ വിദ്യാർത്ഥികളും 103 തീർത്ഥാടകരുമാണ്.ഇന്നലെ രാവിലെയാണ് എയർഇന്ത്യവിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്.
- കൊറോണബാധ രൂക്ഷമായ ഇറ്റലിയിലെ മിലാനിൽ നിന്ന് മടക്കിയെത്തിച്ച 218 പേരെ പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡൽഹി ചാവ്‌ല ഐ.ടി.ബി.പി ക്യാമ്പിലേക്ക് മാറ്റി. ഇവരിൽ 211 പേർ വിദ്യാർത്ഥികളാണ്. 14 ദിവസം ഇവരെ നിരീക്ഷണത്തിൽവയ്ക്കും. രാവിലെ എയർഇന്ത്യവിമാനത്തിലാണ് ഡൽഹി അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തിച്ചത്.
- കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ ഒരാളെ കൊറോണ ലക്ഷണങ്ങളോടെ അസമിലെ തേസ്പുർ മെഡിക്കൽ കോളേജിലെ ഐസലൊഷേൻ വാർഡിൽ പ്രവേശിപ്പിച്ചു
- തെലുങ്കാനയിൽ ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. തെലുങ്കാനയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയങ്ങളും അടച്ചു. പ്രതിഷേധ പരിപാടികൾ ഉൾപ്പെടെയുള്ള വലിയ ആൾക്കൂട്ടങ്ങൾക്കിടയാക്കുന്ന ഒരുപരിപാടികൾക്കും അനുമതി നൽകില്ല.
-തമിഴ്നാട്ടിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസുവരെ അവധി പ്രഖ്യാപിച്ചു. മാളുകളും തിയേറ്ററുകളും അടച്ചിടും.
-ഗുജറാത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമ തിയേറ്ററുകളും സ്വിമ്മിംഗ് പൂളുകളും മാർച്ച് 16 മുതൽ 29 വരെ അടച്ചിട്ടു.
-മദ്ധ്യപ്രദേശിൽ സ്കൂൾ, കോളേജ്, ലൈബ്രറികൾ, സിനിമാ തിയേറ്ററുകൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയവ അടയ്ക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സംസ്ഥാനത്ത് 50 ഐസലോഷൻ കേന്ദ്രങ്ങൾ തുടങ്ങി.
- മാർച്ച് 21ന് നടക്കേണ്ട ആന്ധ്രപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പ് ആറ് ആഴ്ചത്തേക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിവച്ചു
- ഇന്ത്യാ - ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ഏപ്രിൽ 15വരെ നിറുത്തിവച്ചു
- പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കർണാടക സർക്കാർ അറിയിച്ചു.
- ഗോവയിലെ കാസിനോകളെല്ലാം അടച്ചു.
- 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ എയിംസ് തുടങ്ങി. നമ്പർ-9971876591
- ഡൽഹിയിൽ ഗവൺമെൻറ് വാഹനങ്ങൾ, സ്വകാര്യ ടാക്സികൾ, ബസുകൾ, മെട്രോ തുടങ്ങിയവ അണുനശീകരണം നടത്തി
- ജമ്മുകാശ്മീരിലെ രജൗരിയിൽ കൊറോണ ബാധ സംശയിക്കുന്നയാളുടെ വിവരങ്ങൾ പുറത്തുവിട്ടതിന്ഒരു മെഡിക്കൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു
- പാകിസ്ഥാനിലെ കർത്താർപുർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ താത്കാലികമായി നിറുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
-മാർച്ച് 17 മുതൽ 26 വരെ ആൻഡമാൻ നിക്കോബാറിലെ വിനോദസഞ്ചാരമേഖല അടച്ചു.