nirbhaya-case

ന്യൂഡൽഹി: തൂക്കിലേറ്റാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ വധശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികളായ അക്ഷയ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവർ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചു. രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെയാണ് പ്രതികൾ അവസാന കച്ചിത്തുരുമ്പെന്ന നിലയിൽ രാജ്യാന്തര കോടതിയിലെത്തിയിരിക്കുന്നത്.

മുകേഷ് സിംഗിന്റെ ഹർജി തള്ളി

നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി ഇന്നലെ ജസ്റ്റിസുമാരായ അരുൺ മിശ്ര, എം.ആർ.ഷാ എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് തള്ളി. ഹർജി നിലനിൽക്കുന്നതല്ലെന്നും മുകേഷ് സിംഗിന് നിയമപരമായ എല്ലാ സാദ്ധ്യതകളും അനുവദിച്ചു കഴിഞ്ഞതാണെന്നും ജസ്റ്റിസ് മിശ്ര ചൂണ്ടിക്കാട്ടി. സാഹചര്യങ്ങൾ പറയുന്നത് ഇനി യാതൊരു പ്രതിവിധിയും അവശേഷിച്ചിട്ടില്ലെന്നാണ്. നിങ്ങൾ ദയാ ഹർജി ഉപയോഗപ്പെടുത്തി. അത് തള്ളി. തിരുത്തൽ ഹർജികളും തള്ളിയിരുന്നു. ഇനി എന്തു പ്രതിവിധിയാണ് അവശേഷിച്ചിട്ടുളളത്. സുപ്രീംകോടതി ചോദിച്ചു.അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവർ തെറ്റിദ്ധരിപ്പിച്ച് തിരുത്തൽ ഹർജിയും ദയാഹർജിയും ഫയൽ ചെയ്തെന്ന മുകേഷിന്റെ ആരോപണവും തള്ളി.

ദയാവധം അനുവദിക്കണമെന്ന് കുടുംബാംഗങ്ങൾ

ദയാവധം അനുവദിക്കണമെന്ന് അപേക്ഷിച്ച് നാല് പ്രതികളുടെയും കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് നൽകി. തിഹാർ ജയിലിൽ വധശിക്ഷ നടപ്പിലാക്കാനുള്ള തയാറെടുപ്പുകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആരാച്ചാർ പവൻ ജല്ലാദിനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ തിഹാർ ജയിൽ അധികൃതർ നിർദ്ദേശം നൽകി. അദ്ദേഹം എത്തിയാൽ ഇന്നുതന്നെ ഡമ്മി പരീക്ഷണവും നടത്തുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.

പ്രതികളായ മുകേഷ്, പവൻ, വിനയ് എന്നിവർ ബന്ധുക്കളുമായി അവസാനവട്ട കൂടിക്കാഴ്ച നടത്തി. അക്ഷയ്‌കുമാറിന്റെ ബന്ധുക്കൾക്കും കത്തയച്ചു. 20ന് പുലർച്ചെ 5.30നാണ് ഡൽഹി വിചാരണക്കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.