sc

ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ കടുത്ത നിയന്ത്രണം. ഹോളി അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിവസമായ ഇന്നലെ പതിനേഴ് കോടതികളിൽ ഏഴെണ്ണം മാത്രമാണ് പ്രവർത്തിച്ചത്. ആറ് കോടതികൾ 12 കേസുകളും ചീഫ് ജസ്റ്റിസ് കോടതി ഒരു കേസുമാണ് പരിഗണിച്ചത്. അടുത്തയാഴ്ച മുതൽ വീഡിയോ കോൺഫറൻസിംഗ് വഴി കേസുകൾ പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം. രണ്ട് പ്രസ് ലോഞ്ചുകളിലും അത് കാണാൻ മാദ്ധ്യമപ്രവർത്തകർക്ക് സൗകര്യം ഒരുക്കും.


കർശന പരിശോധന

എയിംസ് മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലുള്ള തെർമൽ സ്‌ക്രീനിംഗിന് ശേഷമാണ് അഭിഭാഷകരടക്കമുള്ളവരെ കോടതി വളപ്പിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷം ആരോഗ്യ സ്ഥിതിയെക്കുറിച്ചും വിദേശ രാജ്യങ്ങൾ സന്ദർശിച്ചോ എന്നതടക്കമുള്ള ചോദ്യാവലി കോടതി ജീവനക്കാർ നൽകും. ഇത് പൂരിപ്പിച്ച് നൽകണം. കോസ് ലിസ്റ്റിൽ (അന്നേ ദിവസം പരിഗണിക്കുന്ന കേസുകളുടെ പട്ടിക) പേരുണ്ടെങ്കിൽ മാത്രമേ അഭിഭാഷകർക്ക് കോടതി മുറിയിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. സീനിയർ അഭിഭാഷകനാണെങ്കിൽ അഡ്വക്കേറ്റ് ഓൺ റെക്കാഡ് സാക്ഷ്യപ്പെടുത്തണം. ഹർജി പരിഗണനയ്ക്ക് എടുക്കുന്നതിന് തൊട്ട് മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ. നടപടികൾ കഴിഞ്ഞാൽ ഉടൻ കോടതിമുറിക്ക് പുറത്ത് പോകണം.

ആദ്യം ആറ് കേസുകൾ കേട്ടശേഷം കോടതി മുറികൾ അണുവിമുക്തമാക്കുന്നതിനായി അര മണിക്കൂർ ഇടവേള. കോടതിക്ക് പുറത്തെ ഇടനാഴിയിൽ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. കോടതി മുറിക്ക് പുറത്ത് എല്ലാവർക്കുമായി പലയിടങ്ങളിലും സാനിറ്റൈസർ വച്ചിട്ടുണ്ട്.

കോസ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ സോളിസിറ്റ് ജനറൽ തുഷാർ മേത്തയെ പോലും ഇന്നലെ കോടതി വളപ്പിൽ തടഞ്ഞു. ഒരേ സമയം മൂന്ന് മാദ്ധ്യമപ്രവർത്തകർക്ക് മാത്രമേ കോടതിമുറിയിൽ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഇന്നലെ കോടതി അറിയിച്ചു. കോടതി മുറികളിൽ കൂട്ടം അനുവദിക്കരുത് എന്ന വ്യവസ്ഥ മാദ്ധ്യമ പ്രവർത്തകർക്കായി ഇളവ് ചെയ്യില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പാർലമെന്റിൽ പോലും ഇങ്ങനെ ഒരു വ്യവസ്ഥ ഇല്ലല്ലോ എന്ന ചോദ്യത്തിന്, എന്ത് കൊണ്ട് പാർലമെന്റ് ഇത് നടപ്പിലാക്കുന്നില്ല എന്നറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.