ന്യൂഡൽഹി/ തിരുവനന്തപുരം: കൊറോണ വൈറസ് കൂടുതൽ മേഖലകളിലേക്കു പടരുകയും രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും തിയേറ്ററുകളും അടച്ചിട്ട് പ്രതിരോധം കൂടുതൽ ശക്തമാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവയുൾപ്പെടെ ആളുകൾ ഒരുമിച്ചുകൂടുന്ന മുഴുവൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിറുത്തിവയ്‌ക്കാനും ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾ അനുമതി നൽകാനും നിർദ്ദേശിച്ചതോടെ വരും ദിവസങ്ങളിൽ രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ചലമാകുമെന്നതാണ് സാഹചര്യം.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ടർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നാളെ മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറ്റരുതെന്ന് കേന്ദ്ര മന്ത്രിസഭയുടെ ഉന്നതതല സിമിതി യോഗത്തിനു ശേഷം ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും, വീടിനു പുറത്തിറങ്ങുന്നവർ മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കേരളം, മഹാരാഷ്‌ട്ര, ലഡാക്ക്, ഒഡിഷ എന്നിവിടങ്ങളിൽ പുതിയ കേസുകൾ സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ സംഖ്യ 123 ആയി ഉയർന്നു.
കേരളത്തിൽ 3 പേർക്കു കൂടി കൊറോണ സ്ഥിരീകരണം
ആകെ 24
തിരുവനന്തപുരം : മലപ്പുറത്ത് രണ്ടു പേർക്കും കാസർകോട്ട് ഒരാൾക്കും ഇന്നലെ കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് ആദ്യമായാണ് വൈറസ് സാന്നിദ്ധ്യം. രണ്ടു പേരും സൗദി അറേബ്യയിൽ നിന്ന് എത്തിയവരാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് കാസർകോട്ട് കൊറോണ ബാധിച്ചത്. ഇതോടെ കേരളത്തിൽ രണ്ടാം ഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.
വിവിധ ജില്ലകളിലായി 12,740 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങൾ ഉള്ള 2297 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 1693 സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്.
മെഡി. വിദ്യാർത്ഥികൾക്കും അവധി
സംസ്ഥാനത്ത് പി.ജി, ഹൗസ് സർജൻസി ഒഴികെയുള്ള എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും 31വരെ അവധി നൽകി. പി.ജി, ഹൗസ് സർജൻസി വിദ്യാർത്ഥികൾ ഡോക്ടർമാർക്കൊപ്പം നിന്ന് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. അതേസമയം സർവകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.