ന്യൂഡൽഹി: കൊറോണ വ്യാപനം തടയാനുള്ള കേരള സർക്കാരിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തിയതായി സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ പരിശോധനകൾക്കായി രാജ്യത്ത് കൂടുതൽ ലാബുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകണമെന്നും പ്രതിരോധത്തിന് കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ അപര്യാപ്തമാണെന്നും യെച്ചൂരി പറഞ്ഞു.
ഭഗത് സിംഗ്, രാജ്ഗുരു, സുക്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനമായ 23നെ പൗരത്വ നിയമഭേദഗതി, ഡൽഹി കലാപം എന്നിവയ്‌ക്കെതിരെയുള്ള പ്രതിഷേധദിനമായി ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ കണക്കിലെടുത്ത് അന്നേദിവസം പൊതുപരിപാടികളുണ്ടായിരിക്കില്ല. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ട് വരുന്നതിനെ സി.പി.എം. സ്വാഗതം ചെയ്യുന്നുവെന്നും യെച്ചൂരി പറഞ്ഞു. ആർട്ടിക്കിൾ 360 റദ്ദാക്കിയശേഷം ഏഴു മാസത്തോളം തടവിൽ പാർപ്പിച്ച നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ മോചനം സന്തോഷമുള്ള വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.