ന്യൂഡൽഹി:കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സുപ്രീംകോടതിയുടെ പ്രവർത്തനം പരിമിതപ്പെടുത്തിയതിനാൽ ശബരിമല, പൗരത്വ ഭേദഗതി നിയമം , കാശ്മീർ പ്രശ്നം തുടങ്ങിയ കേസുകൾ അനിശ്ചിതത്വത്തിൽ.
ഹോളി അവധിക്ക് ശേഷം സുപ്രീംകോടതി തുറന്ന ഇന്നലെ ശബരിമല വിഷയത്തിൽ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കാനാണ് തീരുമാനിച്ചിരുന്നത്. കേസിൽ പന്ത്രണ്ട് ദിവസത്തോളം വാദം നടക്കുമെന്നും അതിനുശേഷം പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തിൽ 140 ലേറെ ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. ജമ്മുകാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന 370ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെതിരായ ഹർജികളിൽ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. ഈ കേസ് വിശാലബെഞ്ചിന് വിടണോ എന്നതിൽ മാത്രമാണ് വാദംകേട്ട് വിധി പറഞ്ഞത്. ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ച് തന്നെ കേസ് കേട്ടാൽ മതിയെന്നാണ് സുപ്രീംകോടതി വിധി. ശബരിമലയും സി.എ.എ.യും കഴിഞ്ഞശേഷമാവും കാശ്മീർ കേസ് പരിഗണിക്കുക. കൊറോണയെത്തുടർന്ന് അടിയന്തരപ്രാധാന്യമുള്ള കേസുകൾ മാത്രമാണ് സുപ്രീംകോടതി ഇപ്പോൾ പരിഗണിക്കുന്നത്.