ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാർത്തകളും നിയന്ത്രിക്കാനായി അടിയന്തിര നടപടിയെടുക്കാൻ ഗൂഗിളിനും സമൂഹ മാദ്ധ്യമ ഭീമൻമാരായ ഫേസ്ബുക്കിനും ട്വിറ്ററിനും ഡൽഹി ഹൈകോടതി നിർദേശം നൽകി. വിദ്വേഷ ഉള്ളടക്കം നീക്കം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥൻമാരെ നിയമിക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. തീരുമാനമെടുക്കാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. വിദ്വേഷ ഉള്ളടക്കത്തിൻെറ പ്രചരണം തടയാൻ ജസ്റ്റിസ് ഡി.എൻ പട്ടേൽ, സി. ഹരിശങ്കർ എന്നിവരടങ്ങിയ പാനലിനെ ഡൽഹി ഹൈകോടതി നിയമിച്ചു. സമൂഹ മാദ്ധ്യമ കമ്പനികൾ വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും നിയന്ത്രിക്കാൻ ഒരാളെയെങ്കിലും ചുമതലപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. ഏപ്രിൽ 24ന് ഹർജി വീണ്ടും പരിഗണിക്കും. മുൻ ആർ.എസ്.എസ് നേതാവായ കെ.എൻ ഗോവിന്ദാചാര്യ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈകോടതിയുടെ നടപടി. ആവിഷ്കാര സ്വാതന്ത്ര്യത്തിൻെറ പേരിൽ രാജ്യത്ത് ചിലർ വിഭാഗീയതയുണ്ടാക്കുന്നുവെന്നും അത് കലാപത്തിലേക്ക് നീങ്ങുന്നു എന്നുമാണ് ഗോവിന്ദാചാര്യ കോടതിയിൽ പറഞ്ഞത്. ഇന്ത്യയുടെ നിയമം അനുസരിച്ചല്ല സമൂഹ മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അത് നിയന്ത്രണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.