ന്യൂഡൽഹി: കോറോണ ബാധയുടെ പശ്‌ചാത്തലത്തിൽ ട്രെയിനിലെ എ.സി കോച്ചുകളിൽ യാത്രക്കാർക്ക് ഒരറിയിപ്പുണ്ടാകുന്നതുവരെ കമ്പിളിപ്പുതപ്പുകൾ നൽകേണ്ടെന്ന് ഇന്ത്യൻ റെയിൽവെ തീരുമാനിച്ചു. അതേസമയം കഴുകിയ ബെഡ് ഷീറ്റുകൾ സീൽ കവറിലാക്കി നൽകും. മൂന്നുമാസത്തിലൊരിക്കൽ മാത്രം കഴുകുന്ന കമ്പിളിപ്പുതപ്പുകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ സുരക്ഷിതമല്ലെന്ന് കണ്ടാണ് തീരുമാനം. എസി കോച്ചുകളിൽ ഉപയോഗിക്കുന്ന കർട്ടനുകളും നീക്കം ചെയ്യും. തണുപ്പ് കുറയ്‌ക്കാൻ എസി കോച്ചുകളിൽ 24-25 ഡിഗ്രി താപനില ക്രമീകരിക്കാനും നിർദ്ദേശമുണ്ട്. കമ്പിളി ഒഴിവാക്കുന്ന കാര്യം വിപുലമായി അടുത്ത ദിവസങ്ങളിൽ യാത്രക്കാരെ അറിയിക്കും. ആവശ്യമുള്ളവർ സ്വന്തമായി പുതപ്പ് കൊണ്ടുവരണമെന്നും റെയിൽവെ നിർദ്ദേശിക്കും.