ന്യൂഡൽഹി: പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ ലിറ്ററിന് മൂന്നുരൂപ കൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം എതിർത്തു. നടപടികൾ നിറുത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബെഹ്‌നാൻ തുടങ്ങിയ അംഗങ്ങൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭാ സ്‌പീക്കർ ഓംബിർള തള്ളി. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ച് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ തീരുവ സംബന്ധിച്ച ഉത്തരവ് സഭയുടെ മേശപ്പുറത്ത് വച്ചു. പിന്നീട് പ്രതിഷേധിക്കാൻ എഴുന്നേറ്റ പ്രതിപക്ഷത്തെ സ്‌പീക്കർ തടയുകയും ചെയ്തു.
എക്സൈസ് തീരുവ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി അപലപനീയവും ദൗർഭാഗ്യകരവുമാണെന്ന് ബെന്നി ബെഹ്‌നാൻ എം.പി കുറ്റപ്പെടുത്തി. എണ്ണ വില പതിറ്റാണ്ടുകളിലെ ഏറ്റവും താണനിലയിൽ എത്തിയിട്ടും ആനുപാതികമായി ഇന്ധനവില കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാതെ തീരുവ കൂട്ടിയത് തീവെട്ടികൊള്ളയ്ക്ക് സമമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.