ന്യൂഡൽഹി: മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനോട് അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നൽകിയ ഹർജിയിൽ മുഖ്യമന്ത്രി കമൽനാഥിനും നിയമസഭാ സ്‌പീക്കർക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറി, ഗവർണർ എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. സർക്കാരിന്റെ നടപടി ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി.
കേസ് ഇന്ന് രാവിലെ 10.30 ന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇന്നലെ (17ന്) തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, പാർട്ടി ചീഫ് വിപ്പ് നരോത്തം മിശ്ര അടക്കം ഒമ്പത് ബി.ജെ.പി എം.എൽ.എമാരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന മന്ത്രിമാരും എം.എൽ.എമാരും രാജി വച്ചതോടെയാണ് മദ്ധ്യപ്രദേശിലെ കമൽനാഥ് സർക്കാർ പ്രതിസന്ധിയിലായത്. തുടർന്ന് ഗവർണർ ലാൽജി ടണ്ഠൻ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാനത്ത് കൊറോണ വ്യാപകമായതിനെ തുടർന്ന് നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം വിശ്വാസവോട്ടെടുപ്പ് നടത്താതെ സഭ പിരിയുകയായിരുന്നു.