നാവിക സേനയിലും വനിതകൾക്ക് സ്ഥിരം കമ്മിഷൻ
സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി : സ്ത്രീപുരുഷ സമത്വം ഉറപ്പാക്കി കരസേനയ്ക്ക് പിന്നാലെ നാവികസേനയിലും വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. പുരുഷ ഉദ്യോഗസ്ഥർക്കുള്ള എല്ലാ അവകാശവും സ്ത്രീകൾക്കും ഉണ്ടാകണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്‌തോഗി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. നേവിയിൽ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ വേണമെന്ന ഹർജിയിലാണ് ഉത്തരവ്. സ്ഥിരം കമ്മിഷൻ കിട്ടാതെ വിരമിച്ച വനിതകൾക്ക് പെൻഷൻ അനുവദിക്കാനും കോടതി ഉത്തരവിട്ടു.
സ്ത്രീകൾക്ക് ശാരീരിക പരിമിതിയുണ്ടെന്ന കേന്ദ്ര സർക്കാർ വാദം തള്ളിയ കോടതി, മൂന്ന് മാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി.
സുപ്രീംകോടതി വിധിയോടെ വനിതകളുടെ വിരമിക്കൽ പ്രായം പുരുഷന്മാരുടേതിന് തുല്യമാകും. പതിന്നാല് വർഷം മാത്രം ജോലി ചെയ്യാനാകുന്ന ഷോർട്ട് സർവീസ് കമ്മിഷൻ അടിസ്ഥാനത്തിലാണ് വനിതകളെ നേവിയിൽ നിയമിച്ചിരുന്നത്. കരസേനയിൽ വനിതകൾക്ക് സ്ഥിരം കമ്മിഷൻ നൽകാൻ കഴിഞ്ഞ മാസം കോടതി വിധിച്ചിരുന്നു. ആ വിധി പറഞ്ഞ അതേ ബെഞ്ചാണ് നേവിയിലെ വനിതകൾക്കും തുല്യത ഉറപ്പാക്കിയത്.
കോടതി പറഞ്ഞത്
സേനയിൽ സ്ത്രീപുരുഷ സമത്വം നിർബന്ധമാണ്. ലിംഗ നീതി ഉറപ്പാക്കാൻ കോടതി ബാദ്ധ്യസ്ഥമാണ്. പുരുഷ ഉദ്യോഗസ്ഥരെ പോലെ തന്നെ രാജ്യത്തെ സേവിക്കുന്ന വനിതാഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ അനുവദിക്കാത്തത് നീതി നിഷേധമാണ്. നേവിയിൽ വനിതകൾക്ക് സ്ഥിരം കമ്മിഷൻ നൽകുന്നതിനുള്ള വിലക്ക് 2008ൽ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. എന്നിട്ടും വിലക്ക് തുടർന്നത് വിരോധാഭാസമാണ്. പുരുഷന്മാരുടെ അതേ കാര്യക്ഷമതയിൽ സ്ത്രീകൾക്കും തുടരാനാകണം. സ്ത്രീകൾക്ക് യുദ്ധക്കപ്പലിലടക്കം പ്രവർത്തിക്കാം. നിരീക്ഷണ കപ്പലുകളിൽ സ്ത്രീകൾക്കായി നിലവിൽ പ്രത്യേക സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തൽക്കാലം വനിതകളെ നിയമിക്കേണ്ടതില്ല.