ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത്
ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണോ എന്ന് പ്രതിപക്ഷം. റാഫേൽ, അയോദ്ധ്യ തുടങ്ങിയ വിധികൾ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷത്തിന്റെ വിമർശനം. ഗോഗോയിയുടെ സഹപ്രവർത്തകരായിരുന്ന മുൻ ജഡ്ജിമാരും എം.പി സ്ഥാനം നൽകുന്നതിനെതിരെ രംഗത്തെത്തി.
ജസ്റ്റിസ് എച്ച്.ആർ. ഖന്ന ഓർമ്മിക്കപ്പെടുന്നത് ധാർമ്മികതയുടെയും നിയമം മുറുകെ പിടിച്ചതിന്റെയും പേരിലാണ്. എന്നാൽ ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഓർമ്മിക്കപ്പെടുന്നത് രാജ്യസഭാ സീറ്റിനായി സർക്കാരിനൊപ്പം നിന്ന് സ്ഥാപനത്തിന്റെയും തന്റെയും ധാർമ്മികതയിൽ വിട്ടുവീഴ്ച ചെയ്തതിന്റെ പേരിലാകുമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു.
ഗോഗോയിയെ നാമനിർദ്ദേശം ചെയ്തതിലൂടെ മോദി സർക്കാർ ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെ നഗ്‌നമായി അട്ടിമറിച്ചെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
ഇത് ഉപകാര സ്മരണയാണോയെന്ന് ചോദിച്ച അസദുദ്ദീൻ ഒവൈസി ജഡ്ജിമാരുടെ നിഷ്പക്ഷതയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയാണെന്നും പറഞ്ഞു.
ജുഡിഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന നടപടിയാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജിമാരും രഞ്ജൻ ഗോഗോയിക്കൊപ്പം മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തുകയും ചെയ്ത ജസ്റ്റിസുമാരായ മദൻ ബി ലോകൂറും കുര്യൻ ജോസഫും പ്രതികരിച്ചു.
രാജ്യസഭാ എം.പി സ്ഥാനം സ്വീകരിക്കാനുള്ള ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ തീരുമാനം ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള സാധാരണക്കാരുടെ വിശ്വാസത്തെ ഉലയ്ക്കുന്നതാണ്. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും സംബന്ധിച്ച ശ്രേഷ്ഠമായ തത്വങ്ങളിൽ അദ്ദേഹം സന്ധി ചെയ്തു. ഒരു വിഭാഗം ന്യായാധിപന്മാർ പക്ഷപാതിത്വമുള്ളവരും എന്തെങ്കിലും പ്രതീക്ഷിച്ചിരിക്കുന്നവരുമാണെന്ന് ജനങ്ങൾക്ക് തോന്നിയാൽ ഭരണഘടനാ മൂല്യങ്ങളിൽ അധിഷ്ഠിതമായ രാജ്യത്തിന്റെ ശക്തമായ അടിത്തറയ്ക്ക് ഉലച്ചിൽ തട്ടും. ജുഡിഷ്യറിയെ പൂർണമായും സ്വതന്ത്രമാക്കാനുമാണ് സുപ്രീംകോടതി കൊളീജിയം സംവിധാനം കൊണ്ടുവന്നത്. അല്ലാതെ പരസ്പര ആശ്രയത്വത്തിന് വേണ്ടിയല്ല. കീഴ്‌വഴക്കങ്ങൾ തെറ്റിച്ച് ജസ്റ്റിസ് ചെലമേശ്വറിനും ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കും ജസ്റ്റിസ് മദൻ ബി ലോകൂറിനും ഒപ്പം ഞാൻ പൊതു മദ്ധ്യത്തിലേക്ക് (മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള വാർത്താസമ്മേളനം) വന്നത് ഈ അടിത്തറയ്ക്ക് ഭീഷണിയുണ്ടെന്ന് പറയാനായിരുന്നു. ഇപ്പോൾ ആ ഭീഷണി വലുതാവുകയാണ്. വിരമിച്ച ശേഷം ഒരു പദവിയും ഏറ്റെടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചതിന് ഇതും കാരണമാണ്.
- ജസ്റ്റിസ് കുര്യൻ ജോസഫ്
ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് എന്തെങ്കിലും സ്ഥാനങ്ങൾ ലഭിക്കുമെന്ന് ചില ഊഹാപോഹങ്ങളുണ്ടായിരുന്നു. അതിനാൽ ഇപ്പോഴത്തെ നാമനിർദ്ദേശത്തിൽ അദ്ഭുതമില്ല. എന്നാൽ എത്ര പെട്ടെന്നാണ് ഇതുണ്ടായതെന്നാണ് അതിശയകരം. ജുഡിഷ്യറിയുടെ സ്വാതന്ത്ര്യത്തെയും നിഷ്പക്ഷതയെയും പരമാധികാരത്തെയും ഇത് പുനർനിർവചിക്കും. അവസാന അഭയവും ഇല്ലാതായോ?.
-ജസ്റ്റിസ് മദൻ ബി. ലോകൂർ
ഉടൻ ഡൽഹിയിലെത്തും. ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ. ശേഷം എന്തിനാണ് എം.പി സ്ഥാനം സ്വീകരിച്ചതെന്ന് വിശദമായി മാദ്ധ്യമങ്ങളോട് സംസാരിക്കാം. ജുഡിഷ്യറിയുടെ കാഴ്ചപ്പാടുകൾ നിയമനിർമ്മാണസഭയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ പാർലമെന്റിലെ എന്റെ സാന്നിദ്ധ്യം അവസരമൊരുക്കും. രാഷ്ട്ര നിർമ്മാണത്തിനായി ചില സമയത്ത് ജുഡിഷ്യറിയും ലെജിസ്ലേറ്റീവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന ഉറച്ച വിശ്വാസം കൊണ്ടാണ് പദവി സ്വീകരിക്കുന്നത്.
-ജസ്റ്റിസ് രഞ്ജൻ ഗോഗോയ്