ന്യൂഡൽഹി: നിർഭയ കൂട്ടമാനഭംഗ കേസിൽ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് തിഹാർ ജയിൽ. മീററ്റ് സ്വദേശിയായ ആരാച്ചാർ പവൻ ജല്ലാദ് ഇന്നലെ ജയിലിലെത്തി. ഇന്ന് ഡമ്മി പരീക്ഷണം നടത്തും. പൊതുമരാമത്ത് വിഭാഗം എൻജിനീയർമാർ തൂക്കുമരവും മറ്റു സംവിധാനങ്ങളും പരിശോധിച്ചു. വെള്ളിയാഴ്ച രാവിലെ 5.30ന് നാലു പ്രതികളെയും തൂക്കിലേറ്റാനാണ് വാറൻഡ്.
പ്രതികളുടെ വൈദ്യ പരിശോധനയും പുരോഗമിക്കുന്നു. ഇവരുടെ സെല്ലിന് മുന്നിൽ സുരക്ഷ ശക്തമാക്കി. പ്രതികളായ മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ്മ എന്നിവർ ബന്ധുക്കളുമായി അവസാന കൂടിക്കാഴ്ച നടത്തി. അക്ഷയ് കുമാറിന്റെ ബന്ധുക്കൾ ഇന്നെത്തിയേക്കും.
വിവാഹമോചനത്തിനായി ഹർജി
വിവാഹമോചനം ആവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് കുമാറിന്റെ ഭാര്യ പുനീത കോടതിയെ സമീപിച്ചു. ഔറംഗബാദ് കുടുംബകോടതി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് ഹർജി നൽകിയത്. അക്ഷയ് കുമാറിന്റെ നിരപരാധിത്വം ബോദ്ധ്യമുണ്ടെങ്കിലും തൂക്കിലേറ്റപ്പെട്ടയാളുടെ വിധവയായി ശിഷ്ടകാലം ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പുനീത ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹർജി തള്ളി
കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ ഡൽഹിയിൽ ഇല്ലായിരുന്നുവെന്നും വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി പട്യാല ഹൗസ് കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ മുകേഷിന്റെ അമ്മ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ അപേക്ഷയും തള്ളി.