ന്യൂഡൽഹി: വിമാനത്തിനുള്ളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും സിവിൽ വ്യോമയാന ഡയറക്‌ടറേറ്റിന് സ്റ്റാറ്റ്യൂട്ടറി പദവി നൽകാനും വ്യവസ്ഥകളുള്ള എയർക്രാഫ്‌റ്റ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ആയുധങ്ങളും സ്‌ഫോടക വസ‌്തുക്കളുമായി വിമാനത്തിൽ കയറുക, വിമാനത്താവള മേഖലയിലെ നിയന്ത്രണം മറികടന്നുള്ള കെട്ടിട നിർമ്മാണം തുടങ്ങിയ കുറ്റങ്ങൾക്കുള്ള പിഴ ശിക്ഷ പത്തുലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി വർദ്ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
സ്‌റ്റാറ്റ്യൂട്ടറി പദവി നൽകുന്നതിലൂടെ വ്യോമയാന മേഖലയിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന സിവിൽ വ്യോമയാന ഡയറക്‌ടറേറ്റിന് കൂടുതൽ അധികാരങ്ങൾ ലഭിക്കും. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, എയർക്രാഫ്‌റ്റ് ആക്‌സിഡന്റ് അന്വേഷണ ബ്യൂറോ എന്നിവയ്‌ക്കും സ്‌റ്റാറ്റ്യൂട്ടറി പദവി നൽകാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധന നിയന്ത്രിക്കാൻ വിമാന ഇന്ധനത്തെ ജി.എസ്.ടിയുടെ പരിധിയിലാക്കണമെന്ന് സഭയിലെ ചർച്ചയിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി നിർദ്ദേശിച്ചു.