2012 ഡിസംബർ 16 ഞായറാഴ്‌ച. രാജ്യചരിത്രത്തിൽത്തന്നെ നാണക്കേടിന്റെ കളങ്കം വീണ ആ ദിനം അന്നായിരുന്നു.
സുഹൃത്തിനൊപ്പം സിനിമ കാണാൻ പോയി, ബസിൽ വീട്ടിലേക്കു മടങ്ങിയ ഇരുപത്തിമൂന്നുകാരിയെ ഓടിക്കൊണ്ടിരുന്ന ബസിൽ ആറു നരാധമന്മാർ പിച്ചിച്ചീന്തിയ ദുർദിനം. അല്പപ്രാണൻ ശേഷിച്ച ശരീരവുമായി അവൾ നടത്തിയ ചെറുത്തു നിൽപ്പിന് 14-ാം ദിനം സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ വിരാമം. മുനീർക്ക മുതൽ മൗണ്ട് എലിസബത്ത് വരെ നീണ്ട അന്നത്തെ ദുരന്തയാത്ര ഇങ്ങനെ:
ഡിസംബർ 16 രാത്രി 9.00
സുഹൃത്തിനൊപ്പം ദക്ഷിണ ഡൽഹി സാകേതിലെ ഒരു മാളിലുള്ള മൾട്ടിപ്ളക്‌സിൽ സിനിമ കണ്ട്, നിർഭയ വീട്ടിലേക്ക്. ഇരുവരും ഓട്ടോയിൽ കയറി മുനീർക്ക സ്റ്റോപ്പിൽ ഇറങ്ങി. അര മണിക്കൂറോളം ബസ് കാത്തു നിന്നു. വന്നത് സ്വകാര്യ ബസാണ്. പത്തു രൂപ നിരക്കിൽ പാലം ഭാഗത്ത് ഇറക്കാമെന്ന് ജീവനക്കാർ പറഞ്ഞു.
യാത്രയ്ക്കിടെ, ബസിലുണ്ടായിരുന്ന പ്രതികൾ ഇരുവരെയും അശ്‌ളീല പരമാർശങ്ങളോടെ കളിയാക്കുന്നു. യുവാവ് പ്രതികരിച്ചപ്പോൾ പ്രതികളിൽ ഒരാൾ യുവതിയെ കയറിപ്പിടിക്കുന്നു. തടയാൻ ശ്രമിച്ച യുവാവിനെ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ച ശേഷം ഡ്രൈവറുടെ സീറ്റിനു പുറകിൽ കെട്ടിയിടുന്നു. യുവതിയെ ബസിന്റെ പിൻഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാറിമാറി മാനഭംഗപ്പെടുത്തുന്നു. ഒപ്പം മാരകമായ പീഡനമുറകളും. ബസ് ദ്വാരക, മഹിപാൽപൂർ, ഡൽഹി കന്റോൺമെന്റ് എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങി.
രാത്രി10.15: ഇരുവരെയും നഗ്‌നരാക്കി മഹിപാൽപൂർ ഫ്‌ളൈ ഓവറിനു സമീപം വിജനമായ റോഡരികിലേക്ക് വലിച്ചെറിയുന്നു. അതുവഴി വന്ന വഴിയാത്രക്കാരന്റെ ഫോൺ സന്ദേശത്തെ തുടർന്ന് പൊലീസ് കൺട്രോൾ റൂം വാഹനം ഇരുവരെയും സഫ്ദർജംഗ് ആശുപത്രിയിൽ എത്തിക്കുന്നു. . യുവതിയെ ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നു.
പിറ്റേന്ന്: സംഭവം മാദ്ധ്യമങ്ങളിൽ വാർത്തയായി. യുവതി ഗുരുതരാവസ്ഥയിൽ. യുവാവിനെ ശുശ്രൂഷയ്ക്കു ശേഷം വിട്ടയയ്ക്കുന്നു. സിസി ടിവി കാമറയിൽ നിന്നു ശേഖരിച്ച ചിത്രത്തിന്റെ സഹായത്തോടെ പൊലീസ് ഡൽഹി അതിർത്തിയായ ഗുഡ്ഗാവിൽ നിന്ന് ബസ് പിടിച്ചെടുക്കുന്നു. ബസ് ഡ്രൈവർ രാംസിംഗ്, സംഭവ ദിവസം ബസ് ഓടിച്ച സഹോദരൻ മുകേഷ്, ജിംനേഷ്യത്തിൽ ജോലി ചെയ്യുന്ന വിനയ് ശർമ്മ, പഴക്കച്ചവടക്കാരൻ പവൻ ഗുപ്ത എന്നിവരെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടുന്നു. ബസ് ഉടമ പ്രദീപ് യാദവും പിടിയിൽ. രാജു, അക്ഷയ് താക്കൂർ എന്നിവർക്കായി പൊലീസ് രാജസ്ഥാൻ, യു.പി, ബീഹാർ എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തുന്നു.
ഡിസംബർ 18:
യുവതിയുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തെച്ചൊല്ലി പാർലമെന്റിൽ ബഹളം. വസന്ത്‌വിഹാറിലും മുനീർക്കയിലും വിദ്യാർത്ഥികളുടെ പ്രതിഷേധം.
ഡിസംബർ 19:
അടിവയർ ഭാഗത്തും രഹസ്യഭാഗങ്ങളിലും അതീവഗുരുതരമായി പരിക്കേറ്റിരുന്ന യുവതിക്ക് ശസ്ത്രക്രിയ. വൻകുടൽ നീക്കം ചെയ്യുന്നു.
പ്രതികൾ കൈക്കലാക്കിയിരുന്ന, യുവതിയുടെയും യുവാവിന്റെയും മൊബൈൽ ഫോൺ, രക്തക്കറ പുരണ്ട വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുക്കുന്നു.
ഡിസംബർ 21:
പ്രതിഷേധം ഡൽഹിയിലെ തെരുവുകളിലേക്ക്. പൊലീസിനെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രതികളായ അക്ഷയ് താക്കൂറിനെ ബീഹാറിൽ നിന്നും രാജുവിനെ യു.പിയിലെ ബദാവിൽ നിന്നും പിടികൂടുന്നു.
ഡിസംബർ 22:
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം വഴി എത്തിയ ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾ അതിസുരക്ഷാ മേഖലയായ രാജ്പഥിലും വിജയ്ചൗക്കിലും പ്രതിഷേധ പ്രകടനം നടത്തുന്നു. പ്രകടനത്തിനു നേരെ പൊലീസ് നടപടി. എൺപതോളം പേർക്ക് പരിക്ക്.
ഡിസംബർ 24:
യുവതിയുടെ നില കൂടുതൽ വഷളാകുന്നു.
ഡിസംബർ 26:
യുവതിയുട നില വീണ്ടും വഷളായതോടെ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി രാത്രി 11 മണിയോടെ എയർ ആംബുലൻസിൽ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റുന്നു. യുവതിക്കും മാതാപിതാക്കൾക്കും രണ്ടുമണിക്കൂറിനുള്ളിൽ പാസ്‌പോർട്ട്.
ഡിസംബർ 29:
പുലർച്ചെ 2.15ന് സിംഗപ്പൂർ ആശുപത്രിയിൽ നിർഭയയുടെ മരണം.