-supreme-court-of-india

ന്യൂഡൽഹി: ടെലികോം വകുപ്പിന് നൽകാനുള്ള കുടിശിക തിരിച്ചടയ്ക്കാൻ ടെലികോം കമ്പനികൾക്ക് 20 വർഷത്തെ സാവകാശം അനുവദിക്കണമെന്ന കേന്ദ്ര സർക്കാർ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.

'കോടതിയെക്കാൾ അധികാരം തങ്ങൾക്കുണ്ടെന്ന ധാരണ ടെലികോം കമ്പനികൾക്കുണ്ടോ' എന്ന് കോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചു. പണം അടയ്ക്കാൻ സാവകാശം വേണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദമാണ് ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എസ്. അബ്ദുൾ നസീർ, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ചിനെ ചൊടിപ്പിച്ചത്.

'കോടതിയുടെ അന്തസിനെയാണ് ടെലികോം കമ്പനികൾ ചോദ്യം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഉത്തരവ് വ്യക്തമാണ്. അടയ്‌ക്കേണ്ട കുടിശികയുടെ കാര്യത്തിൽ പുനർ ചിന്തയില്ല. 2019 ഒക്ടോബർ 24ലെ കോടതി ഉത്തരവിൽ ഒരു മാറ്റവും ഇല്ല. 20 വർഷമായി സർക്കാരിന് നഷ്ടമായി കിടക്കുന്ന പൊതു പണത്തിന്റെ കാര്യമാണിത്. ഇനി ഇത്തരം പ്രവൃത്തികൾ ഉണ്ടായാൽ കോർട്ടലക്ഷ്യത്തിന് ജയിലിൽ പോകേണ്ടി വരും.'- ടെലികോം കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാരെ ജസ്റ്റിസ് അരുൺ മിശ്ര താക്കീത് ചെയ്തു.

കുടിശിക അടയ്ക്കുന്നതിന് മറ്റ് പരിഹാരങ്ങളൊന്നും ഇല്ല. ജനങ്ങളിൽ നിന്ന് തട്ടിയെടുത്ത പണം ടെലികോം കമ്പനികളുടെ പക്കൽ ധാരാളമുണ്ട്. അതിൽ ഒരംശം മതി കുടിശിക അടയ്‌ക്കാനെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

2019 ഒക്ടോബർ 24ലെ കോടതി വിധിയെ തെറ്റിദ്ധാരണകൾ സ്വാധീനിച്ചിട്ടുണ്ടെന്ന് വോഡഫോണിന്റെ അഭിഭാഷകൻ മുഗൾ റോഹ്‌തഗി വാദിച്ചു. പകുതിയോളം രൂപ അടച്ചെന്നും കുറച്ച് സാവകാശം അനുവദിക്കണമെന്നുമാണ് ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് എന്നിവയുടെ അഭിഭാഷകരായ അഭിഷേക് സിംഗ്‌വി, കപിൽ സിബൽ എന്നിവർ വാദിച്ചത്. കോടതി ഇത് അനുവദിച്ചില്ല. രണ്ടാഴ്ചയാണ് കുടിശിക പിരിക്കാൻ കോടതി ടെലികോം മന്ത്രാലയത്തിന് അനുവദിച്ചിട്ടുള്ളത്.

വിധി

വോഡഫോൺ - ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലിസർവീസസ് തുടങ്ങിയ കമ്പനികൾ കഴിഞ്ഞ ജനുവരി 23നകം 1.47 ലക്ഷം കോടി രൂപ നൽകാനാണ് കോടതി കഴിഞ്ഞ ഒക്ടോബറിൽ വിധിച്ചത്. ലൈസൻസ് ഫീ, സ്‌പെക്ട്രം യൂസേജ് ചാർജ്, പലിശ, പിഴപ്പലിശ എന്നീ ഇനത്തിലാണിത്. ഇതിനെതിരെ സേവ് കൺസ്യൂമർ റൈറ്റ്‌സ് ഫൗണ്ടേഷൻ എന്ന സംഘടന റിട്ട് ഹർജി നൽകി. ഉത്തരവ് പരിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് കമ്പനികളും അപേക്ഷ നൽകി. കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികളെ പിൻതുണച്ചതും ഏറെ വിവാദമായി.