telecom-companies

ന്യൂഡൽഹി: ടെലികോം കമ്പനികളുടെ കുടിശികയെ ചൊല്ലി ലോക്‌സഭയിൽ കേന്ദ്രസർക്കാരും ഡി.എം.കെയും തമ്മിൽ വാക്പോര്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കുടിശിക അടയ്ക്കാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ സാവകാശം നൽകുകയാണെന്ന് ഡി.എം.കെ നേതാവ് എ.രാജ ചോദ്യോത്തരവേളയിൽ ആരോപിച്ചു. ഇതിനായി സുപ്രീംകോടതിയെ സമീപിക്കാൻ ആരാണ് അനുമതി നൽകിയതെന്നും രാജ ചോദിച്ചു.

ടു.ജി അഴിമതി ആയുധമാക്കി കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് തിരിച്ചടിച്ചു.

ഡി.എം.കെ ഭരിക്കുമ്പോൾ ടെലികോം മേഖലയ്ക്ക് എത്ര വലിയ ആഘാതമാണുണ്ടായതെന്ന് ഡി.എം.കെ അംഗങ്ങൾ പറയണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. യു.പി.എ കാലത്ത് ടെലികോം മന്ത്രിമാരായിരുന്ന എ. രാജയെയും ദയാനിധിയെയും ഉന്നംവച്ചായിരുന്നു പരാമർശം. ടു.ജി വിഷയത്തിൽ ചർച്ചവേണമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. അതിനെ റെയിൽവേ മന്ത്രി പീയുഷ് ഗോയലും പിന്തുണച്ചു.

തുടർന്ന് ടി.ആർ ബാലു, ദയാനിധിമാരൻ, എ.രാജ തുടങ്ങിയ ഡി.എം.കെ അംഗങ്ങൾ പ്രതിഷേധമുയർത്തി. 1.76 ലക്ഷം കോടിയെക്കുറിച്ച് പറഞ്ഞാണ് ഈ സർക്കാർ അധികാരത്തിൽ വന്നതെന്നും അത് മാജിക് നമ്പർ മാത്രമാണെന്നും രാജ പറഞ്ഞു.

90 കോടിയോളം ഉപഭോക്താക്കളുള്ള ടെലികോം മേഖലയുടെ അതിജീവനം, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കൽ, ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കൽ എന്നിവ ഒരുമിച്ചുകൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.